പാലോറമലയിൽ ഉരുളൻകല്ലിൽ വിള്ളൽ :
ജിയോളജി വകുപ്പിൻ്റെ റിപ്പോർട്ട് തേടാൻ തീരുമാനം ', സർവകക്ഷി യോഗത്തിൽ സംരക്ഷണ സമിതിയെ പങ്കെടുപ്പിച്ചില്ലെന്ന്
സ്വന്തം ലേഖകൻ
ഉള്ള്യേരി : പാലോറമല യിൽ നാറാത്ത് ചെറിയേരി പറമ്പത്ത് ഭാഗത്ത് വലിയ ഉരുളൻ കല്ലിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ ജിയോളജി വകുപ്പിന്റെ റിപ്പോർട്ട് തേടാനും റിപ്പോർട്ടിന് ശേഷം നടപടി സ്വീകരിക്കാനും സർവകക്ഷിയോഗം തീരുമാനിച്ചു.
പാലോറമല സംരക്ഷണ സമിതിയാണ് ആദ്യം പരാതി നൽകിയത്.
പിന്നാലെ
ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡൻ്റും പ്രദേശത്ത് സന്ദർശിച്ചിരുന്നു.
തുടർന്ന് യുഡിഎഫും
മല സന്ദർശിച്ച് ആശങ്ക രേഖപ്പെടുത്തി. തുടർന്നാണ് പഞ്ചായത്ത് ഹാളിൽ ഞായറാഴ്ച സർവകക്ഷിയോഗം ചേർന്നത്. അപകട ഭീഷണിയുള്ള സാഹചര്യത്തിൽ സമീപത്തെ രണ്ടു വീട്ടുകാരെ അവിടുന്ന് മാറ്റി പാർപ്പിക്കാനും തീരുമാനിച്ചു. ഗ്രാമ
പഞ്ചായത്ത് പ്രസിഡൻ്റ്
സി. അജിതയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ
വൈസ് പ്രസിഡണ്ട്
ബാലരാമൻ, സിപിഎം പ്രതിനിധി ഒള്ളൂർ ദാസൻ, കോൺഗ്രസ് ഉള്ളിയേരി മണ്ഡലം പ്രസിഡണ്ട് കെ കെ സുരേഷ്, യുഡിഎഫ് ചെയർമാൻ അബു ഹാജി പാറക്കൽ, സിപിഎം സെക്രട്ടറി ഷാജു ചെറുക്കാവിൽ,
ബിജെപി പ്രസിഡണ്ട് കെ.പവിത്രൻ
എ സോമൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.
ഉള്ളിയേരിയിലെ ചെങ്കൽ ഖനനവും വയൽ നികത്തലും തടയണമെന്ന് സർവകക്ഷിയോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു.
നേരത്തെ പാലോറ സംരക്ഷണ സമിതിയെ കലക്‌ട്രേറ്റ് ഉദ്യോഗസ്ഥർ അറിയിച്ച വിവരമാണ് ജിയോളജി വകുപ്പിൻ്റെ റിപ്പോർട്ട് വരട്ടെ എന്നത് , ഇതിൽ കൂടുതൽ പുതുതായി ഒന്നും സർവകക്ഷി യോഗത്തിൽ ഉണ്ടായില്ലന്നും ഈ യോഗത്തിൽ ആദ്യം പരാതി കൊടുത്ത സമിതിയെ അറിയിച്ചില്ലന്നും പാലോറ മല സംരക്ഷണ സമിതി ചെയർമാൻ വിനീഷ്
ആർ തൈക്കൂട്ടത്തിലും , കൺവീനർ എൻ വിശ്വംഭരൻ മാട്ടായിയും അത്തോളി ന്യൂസിനോട് പറഞ്ഞു.