അക്ഷര കളരിയിൽ 'ചേകവരായി' ബാലുശ്ശേരിയിലെ ആരോമൽ ',കാവ്യം ചൊല്ലിയും
കഥ പറഞ്ഞും കേൾവിക്കാരെ അമ്പരപ്പിച്ച് രണ്ടാം ക്ലാസുകാരൻ.....
സുനിൽ കൊളക്കാട്
അത്തോളി :അക്ഷരക്കളരിയിലെ ചേകവനായി മാറുകയാണീ ആരോമൽ!
തൃക്കുറ്റിശ്ശേരി ഗവണ്മെന്റ് യു പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർഥിയായ പി.ബി. ആരോമലാണ് ഒന്നാം ക്ലാസ് കഴിഞ്ഞതോടെ അക്ഷരലോകത്ത് പുത്തനങ്കം കുറിക്കുന്നത്. 35 കവികളുടെ കവിതകളാണ് കാവ്യായനം എന്ന പേരിൽ ദിവസേന ഫേസ് ബുക്കിലൂടെ പുറത്തിറങ്ങുന്നത്. ഇപ്പോൾ രാമായണ മാസത്തിൽ
രാമായണ പാരായണത്തിലുമാണ് ആരോമൽ. പത്തിലധികം സൃഷ്ടികൾ ആരോമലിൻ്റെ കുഞ്ഞു തൂലികയിൽ നിന്നും പിറന്നു. കാക്കയെ കുറിച്ച് എഴുതിയ പാട്ടാണ് കാവതിയുടെ പായസം.
ആരോമലിൻ്റെ കഥയും കവിതയും പുസ്തകമാക്കാൻ ഒരുങ്ങുകയാണ്.
കഴിഞ്ഞ വർഷം സ്കൂളിലെ ഒന്നാം തരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ സംയുക്ത ഡയറി, രചനോത്സവം സചിത്രപാഠ പുസ്തകം എന്നിവയിലൂടെ കടന്നു പോയ ആരോമൽ അതിന്റെ തുടർച്ചയായി 'അവധി വായന 'നടപ്പാക്കിയപ്പോൾ അതിൽ സജീവമായി പങ്കെടുത്തു. കഴിഞ്ഞവർഷം ജില്ലാതലത്തിൽ നടത്തിയ ഒന്നാം ക്ലാസ് കാർക്ക് വേണ്ടിയുള്ള ഒന്നാം തരം ഒന്നാന്തരം എന്ന പരിപാടിയിലും ആരോമലിന്റെ പ്രകടനം മികച്ചതായിരുന്നു.
35 ലധികം എഴുത്തുകാരുടെ കഥകളും കവിതകളും ഇതിനോടകം വായിച്ചു കഴിഞ്ഞു. പുതിയ ഏഴാം ക്ലാസ്സ് മലയാള പാഠപുസ്തകത്തിലെ പ്രകാശ് ചെന്തളത്തിന്റെ. 'കാടാരത്' എന്ന കവിതാലാപനം എഴുത്തുകാരന്റെ പോലും മനം കീഴടക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ആരോമലിന്റെ ആലാപനത്തിലൂടെയാണ് തനിക്ക് കൂടുതൽ ആസ്വാദകരെ ഉണ്ടാക്കിത്തന്നതെന്നാണ് കവി പ്രകാശ് ചെന്തളം അഭിമാനത്തോടെ പറയുന്നത്.
എഴുത്തുകാരായ ഷീജ വക്കം, സോമൻ കടലൂർ വാർത്ത അവതാരികയായ സ്മിത ഹരിദാസിന്റെതടക്കമുള്ള പ്രശംസയും ആരോമലിനെ തേടിയെത്തിയിട്ടുണ്ട്.
നിർമ്മല്ലൂർ ദേവി മുക്ക് കിഴക്കയിൽ പ്രബിഷിന്റെയും ബിനില യുടെയും മകനായ ആരോമൽ. അച്ഛൻ പ്രബീഷ് ദുബായിലാണ്. അമ്മ ബിനില അധ്യാപികയും എഴുത്തുകാരിയുമാണ്. ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച "പാതിയിൽ നമ്മൾ" എന്ന കവിത സമാഹാരം ബിനിലയുടേതാണ്. തന്നെ ഒന്നിലേ വായിക്കാൻ പഠിപ്പിച്ച ഒന്നാം ക്ലാസ്സ് അധ്യാപികരായ റീന ടീച്ചറെയും ഇന്ദുജ ടീച്ചറെയും ആരോമലിന് ഇപ്പഴും പ്രിയപ്പെട്ട അധ്യാപികമാരാണ്.