അത്തോളി ജിവിഎസ് എസ് ശതാബ്ദി ആഘോഷം : സമാപനം നാളെ തുടങ്ങും
അത്തോളി : 100 വർഷങ്ങൾ പിന്നിടുന്ന അത്തോളിയുടെ സാംസ്‌കാരിക കേന്ദ്രമായ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൻറെ ശതം സഫലം എന്ന സ്‌കൂൾ ശതാബ്ദി ആഘോഷ പരിപാടികളുടെ സമാപനം നാളെ ആരംഭിക്കും.
1924 ൽ ആരംഭിച്ച സ്കൂൾ 1958 ലാണ് ഹൈസ്കൂളായത്. ഇവിടെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷൻ ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു. വടകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായ ഇവിടെ 1700ലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
2024 ഫെബ്രുവരി 17ന് എം.കെ രാഘവൻ എം.പി. ഉദ്ഘാടനം നിർവഹിച്ച ശതാബ്ദി ആഘോഷം സെമിനാറുകൾ, അനുമോ ദനങ്ങൾ, ശില്പശാലകൾ, പരിസ്ഥിതി പ്രവർത്തനങ്ങൾ സ്റ്റുഡൻ്റ് എംപവർമെന്റ് പ്രോഗ്രാമുകൾ, ലഹരിവിരുദ്ധ ബാലസഭ, യാത്രയയപ്പ്, ശില്പശാലകൾ, നേത്ര പരിശോധന, ദന്ത പരിശോധന ക്യാമ്പുകൾ തുടങ്ങി വിവിധ പരിപാടികളോടെയാണ് നടത്തിയത്. അതോടൊപ്പം സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും, ഭൗതിക സാഹചര്യങ്ങളും വർദ്ധിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ഓപ്പൺ സ്റ്റേജ്, സ്വകാര്യ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിലൂടെ സംഘടിപ്പിച്ച കോൺഫറൻസ് ഹാൾ, ക്രിക്കറ്റ് നെറ്റ് കോർട്ട്, സ്കൂൾ സൗന്ദര്യവൽക്കരണം, റീഡിങ് റൂം നവീകരണം, എപിജെ അബ്ദുൽ കലാമിന്റെ പ്രതിമ, കായിക പരിശീലനം തുടങ്ങി വിവിധ പ്രോജക്ടുകളും നടപ്പിലാക്കി. 10 മുതൽ 13 വരെയുള്ള ദിവസങ്ങളിലായി വിവിധ പരിപാടികളോടെയാണ് ശതം സ്ഥലം സമാപനം കുറിക്കുന്നത്. 10 ന് വൈകിട്ട് 4 ന് ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവഹിക്കും.
11 ന് വിനോദ് അത്തോളിയുടെ ഫോട്ടോ പ്രദർശനം ചിത്രകാരനായ അഭിലാഷ് തിരുവോത്ത് ഉദ്ഘാടനം ചെയ്യും. 12ന്
രാവിലെ 10 മണിക്ക് പൂർവ്വ അധ്യാപക സംഗമം കവി സോമൻ കടലൂരും 3 മണിക്ക് പൂർവ വിദ്യാർഥി സംഗമം എം.കെ. രാഘവൻ എം.പി യും 13 ന് തിങ്കളാഴ്ച വൈകു.3 സാംസ്‌കാരിക- സമാപന സമ്മേളനം പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും നിർവ്വഹിക്കും. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യാതിഥി ആയിരിക്കും. രാത്രി നൂറ് നർത്തകർ പങ്കെടുക്കുന്ന മെഗാ ഭരതനാട്യം, കോഴിക്കോട് സ്ട്രീറ്റ് ലൈറ്റ് അവതരിപ്പിക്കുന്ന കാളവണ്ടിക്കാരൻ നാടകവും അരങ്ങേറും. വിവിധ ചടങ്ങുകളിൽ അഡ്വ. സച്ചിൻദേവ് എംഎൽഎ, ജമീല കാനത്തിൽ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് പി. ബാബുരാജ്, പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ എന്നിവരോടൊപ്പം മറ്റു ജനപ്രതിനിധികൾ, സാംസ്കാരിക നായകർ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ, വിദ്യാഭ്യാസ അധികൃതർ എന്നിവർ സംബന്ധിക്കും.