അത്തോളി കൂമുള്ളിയിൽ കടുവ സാന്നിധ്യം സംശയം : സെൻസർ ക്യാമറ ( ക്യാമറ ട്രാപ്പ് ) സ്ഥാപിച്ചു
എ എസ് ആവണി
Breaking News
അത്തോളി : കൂമുള്ളിയിൽ പുത്തഞ്ചേരി റോഡിലെ വീടിന് മുൻപിൽ കടുവ എത്തിയെന്ന് സംശയത്തിൻ്റെ അടിസ്ഥാനത്തിൽ
വനപാലകർ വ്യാപകമായി ഉച്ച വരെ തിരച്ചിൽ നടത്തി . കടുവയുടെ സാന്നിധ്യമൊന്നും കണ്ടെത്താനായില്ല . പ്രദേശവാസികളുടെ ആശങ്ക നില നിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശ പ്രകാരം ക്യാമറ ട്രാപ്പ് ( സെൻസർ ക്യാമറ ) സ്ഥാപിച്ചതായി പെരുവണ്ണാമൂഴി റെയിഞ്ച് ഓഫീസർ എൻ കെ പ്രഭീഷും താമരശ്ശേരി ആർ ആർ ടി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ഷാജീവും മാധ്യമ പ്രവർത്തകരോട് പറഞ്ഞു .
ഇന്നലെ രാത്രി 11 30 ഓടെ യാണ് കൂമുള്ളി വായനശാല - പുത്തഞ്ചേരി റോഡിൽ തോട്ടത്തിൽ സെയ്തുവിൻ്റെ വീടിന്റെ ഗെയിറ്റിന് സമീപത്തായി കടുവയെ കണ്ടെന്ന് മുൻവശത്തെ തിയ്യക്കണ്ടി താഴെ വീട്ടിൽ സായ് സൂരജ് അത്തോളി പോലീസിനെ അറിയിച്ചത്. സെയ്തു അത്തോളി പോലീസിൽ അറിയിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെ 2.30 ഓടെ കക്കയം ഫോറസ്റ്റ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. 3 . 30 വരെ സംഘം പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇതോടെയാണ് രാവിലെ 10 മണിയോടെ തുടങ്ങിയ പരിശോധന ഉച്ചക്ക് 1 മണി വരെ തുടർന്നു.
ക്യാമറ ട്രാപ്പ് തോട്ടത്തിൽ പറമ്പിലും കരിങ്കാളി കോട്ട പരിസരത്തുമായാണ് സ്ഥാപിച്ചത്. പ്രത്യേക തരം ലെൻസ് ഉപയോഗിച്ചുള്ള ക്യാമറയാണ് സെൻസർ ക്യാമറ . ചെറിയ അനക്കം പോലും ക്യാമറയിൽ പതിയും .
സായ് സൂരജ് ക്യാമറയിൽ പകർത്തിയ ചിത്രത്തെ കുറിച്ച് അവിശ്വസിക്കുന്നില്ല . ആധികാരികത ഉറപ്പു വരുത്തേണ്ടതുണ്ട് . അതിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആർക്കും ആശങ്ക വേണ്ടന്ന്
താമരശ്ശേരി ആർ ആർ ടി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ഷാജീവ് പറഞ്ഞു. ആരും തന്നെ വ്യാജ പ്രചരണം നടത്തരുത്. ഭീതി പരത്തുന്ന ഫോട്ടോസ് ,
തെറ്റായ വിവരങ്ങൾ നൽകിയാൽ നിയമ നടപടി എടുക്കുമെന്നും അവർ അറിയിച്ചു.
ഡെപ്യൂട്ടി റെയിഞ്ചർമാരായ ഇ ബൈജുനാഥ് , സി വിജിത്ത് , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ , ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വാച്ചർ മാർ സംഘത്തിൽ ഉണ്ടായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ് , വാർഡ് മെമ്പർ ബൈജു കൂമുള്ളി തുടങ്ങി വരും സ്ഥലത്ത് എത്തിയിരുന്നു.
കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
തെറ്റായ സന്ദേശം പ്രചരിക്കരുതെന്ന്
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ പറഞ്ഞു.
കാടു പിടിച്ച സ്ഥലങ്ങൾക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.