Sunday window
രവീന്ദ്രൻ കോറോത്തിന്റെ നാടക ജീവിതത്തിന് പത്താണ്ട് പിന്നിട്ടു ', അടുത്ത ബെല്ലോടുകൂടി നാടകം "നമ്മൾ " ആരംഭിക്കും!
തയ്യാറാക്കിയത്
സുനിൽ കൊളക്കാട്
അത്തോളി :
"അരപ്പവൻ താലിക്ക് ജീവനേക്കാൾ വിലയുണ്ടെങ്കിൽ അതങ്ങ് അറുത്തു മാറ്റുന്നതാണ് നല്ലത്"
രവീന്ദ്രൻ കോറോത്തിൻ്റെ
'നമ്മൾ 'എന്ന നാടകത്തിലെ അശ്വതി എന്ന കഥാ പാത്രത്തിൻ്റെ ഒരു ഡയലോഗാണിത്. വിവാഹബന്ധം ഒരു കുരുക്കായി മാറുന്നവരുടെ നേരെ പിടിച്ച ദർപ്പണമാണ് ഈ നാടകം. സ്വന്തമായി നാടക ട്രൂപ്പും നാടക സെറ്റും വീട്ടിൽ തന്നെ സ്റ്റേജും പണി കഴിപ്പിച്ച് നാടകമേ ജീവിതമാക്കിയാണ് രവീന്ദ്രൻ കോറോത്ത് നാടക രംഗത്തെത്തുന്നത്.
പഠിച്ച് തൊഴിലു നേടിയിട്ടേ വിവാഹം കഴിക്കൂ എന്നാഗ്രഹിച്ച പെൺകുട്ടിയെ അതനുവദിക്കാതെ വിവാഹം കഴിപ്പിച്ച മാതാപിതാക്കളുടെയും പെൺകുട്ടിയുടെയും കഥയുമായി അരങ്ങുതകർക്കുകയാണ് നമ്മൾ എന്ന നാടകം. കോവിഡ് ന് ശേഷം കോഴിക്കോട് അവശേഷിക്കുന്ന അപൂർവം നാടക ട്രൂപ്പിലൊന്നായ സൃഷ്ടിയുടെ 65 വേദികൾ പിന്നിട്ട നമ്മൾ എന്ന നാടകമാണ് രവീന്ദ്രൻ്റെ ഇപ്പഴത്തെ നാടകം. 14 വിവിധ അവാർഡുകൾ ഈ നാടകത്തിന് ലഭിച്ചിട്ടുണ്ട്. കായംകുളം നാട്ടു പച്ചയുടെ മികച്ച നടിക്കുള്ള അവാർഡും കൊല്ലം സംസ്കാരയുടെ മികച്ച നടനുള്ള അവാർഡും ഈ നാടകത്തിനാണ് ലഭിച്ചത്.
കൊളത്തൂരപ്പൻ കലാനിലയത്തിലൂടെ നാടക രംഗത്തെത്തിയ രവീന്ദ്രൻ 11 വർഷമായി ഈ രംഗത്ത് സജീവമാണ്.
നാടക ട്രൂപ്പ് നടത്തിക്കൊണ്ടു പോവുക ഏറെ പ്രതിസന്ധിയിലൂടെ ആണെന്നാണ് നാടക നിർമാതാവായ രവീന്ദ്രൻ പറയുന്നത്. കേരളത്തിലെ പ്രധാന നാടക സമിതികൾ ഒക്കെ തന്നെ അരങ്ങ വിട്ടു കഴിഞ്ഞു. കൊറോണയോടു കൂടിയാണ് നാടക വേദികളുടെവംശനാശം തന്നെ സംഭവിച്ചത്. അതിനെ അതിജീവിച്ചുകൊണ്ടാണ് കോഴിക്കോട് സൃഷ്ടി വീണ്ടും ഈ രംഗത്ത് വെല്ലുവിളിയുടെ കർട്ടൻ ഉയർത്തുന്നത്. ഒരു നാടകം അരങ്ങിൽ എത്തിക്കുന്നതിനു വേണ്ടി12 ലക്ഷം മുതൽ 16 ലക്ഷം വരെ രൂപ മുതൽ മുടക്കേണ്ടതുണ്ടെന്ന് രവീന്ദ്രൻ സാക്ഷ്യപ്പെടുത്തുന്നു. ഈ മുടക്ക് മുതൽ ഒരിക്കലും തിരിച്ചു കിട്ടാറില്ല. പിന്നെ നാടകത്തോടുള്ള ഭ്രാന്ത് കൊണ്ട് നാടകവുമായി തന്നെ ജീവിക്കുന്നു. അമ്പതിനായിരം മുതൽ ഓരോ നടനും നടിക്കും അഡ്വാൻസ് തുക നൽകിയിട്ടാണ് നാടകം തട്ടിൽ കയറുന്നത്. നാടകരംഗത്ത് ലാഭം എന്നൊരു വാക്കില്ല. മുടക്കിയ തുക തിരിച്ചു കിട്ടിയാലായി. 75 വേദികളെങ്കിലും കളിച്ചെങ്കിൽ മാത്രമേ ഈ തുക തിരിച്ചു കിട്ടുക യുള്ളൂ എന്നാണ് രവീന്ദ്രൻ പറയുന്നത്. യുവതികളായ നടികൾ ഈ രംഗത്തേക്ക് കടന്നുവരുന്നില്ല എന്നാണ് ഇപ്പോൾ നാടക സമിതികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
നാടക സമിതിക്കൊപ്പം സ്വന്തമായി നാടക വേദിയും തൻറെ വീട്ടുമുറ്റത്ത് രവീന്ദ്രൻ ഒരുക്കിയിട്ടുണ്ട്. വിവിധ നാടക ട്രൂപ്പുകൾ ഇവിടെ വന്ന് റിഹേഴ്സൽ നടത്തുന്നത് പതിവാണ്. നാടക സമിതികൾക്ക് മാത്രമല്ല നാട്ടിലെ ഏതൊരു സമിതിക്കും സാംസ്കാരിക സംഘടനകൾക്കും ഇവിടെ പരിപാടി നടത്താനും അവസരം നൽകാറുണ്ട്.
16 വർഷം രാജ്യത്തെ സേവിച്ച വിമുക്തഭടനായ രവീന്ദ്രൻ ഇപ്പോൾ നാടകത്തെയാണ് സേവിക്കുന്നത്....