ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെ  വൈദ്യുതി ബന്ധം ഉടമ തന്നെ വിഛേദിച്ചതായി പരാതി ;  പ
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെ വൈദ്യുതി ബന്ധം ഉടമ തന്നെ വിഛേദിച്ചതായി പരാതി ; പോലീസിൻ്റെയും പഞ്ചായത്തിൻ്റയും ഇടപെടലിൽ വൈദ്യുതി പുന: സ്ഥാപിച്ചു
Atholi News11 Mar5 min

ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെ  വൈദ്യുതി ബന്ധം ഉടമ തന്നെ വിഛേദിച്ചതായി പരാതി ;


പോലീസിൻ്റെയും 

പഞ്ചായത്തിൻ്റയും ഇടപെടലിൽ വൈദ്യുതി പുന: സ്ഥാപിച്ചു





അത്തോളി : ഇതര സംസ്ഥാന തൊഴിലാളിയുടെ മരണ ത്തെ തുടർന്ന് ഒപ്പം ഉണ്ടായിരുന്നവർ താമസിക്കുന്ന കെട്ടിടത്തിലെ മൂന്നാം നിലയിൽ വൈദ്യുതി ബന്ധം ഉടമ തന്നെ വിഛേദിച്ചതായി പരാതി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് 

ബിന്ദു രാജൻ്റെ നേതൃത്വത്തിൽ ആരോഗ്യ ഉദ്യോഗസ്ഥർ കെട്ടിടം പരിശോധിക്കാൻ എത്തിയപ്പോഴാണ് സംഭവം നേരിട്ട് ബോധ്യപ്പെട്ടത്.

വിവരം അറിഞ്ഞ് രാത്രി 8 ഓടെ അത്തോളി പോലീസും സ്ഥലത്ത് എത്തി. ഉടമയെ ഫോണിൽ വിളിച്ചെങ്കിലും എത്തിയില്ല. തുടർന്ന് പോലീസ് സഹായത്തോടെ വൈദ്യുതി ബന്ധം പുന: സ്ഥാപിക്കുകയായിരുന്നു. 

ഒരാഴ്ച മുമ്പാണ് അന്യ സംസ്ഥാന തൊഴിലാളി ധർമേന്ദ്ര വിജയകുമാർ (31) കെട്ടിടത്തിന്റെ മൂന്നാം നിലയിലെ വരാന്തയിൽ നിന്നും വീണ് പരുക്കേറ്റ് മരിച്ചത്.

ബന്ധുക്കൾ എത്താൻ വൈകിയതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് പോയി.


7 വർഷമായി ഈ കെട്ടിടത്തിൽ ഇതര സംസ്ഥാനക്കാർ താമസിച്ചു വരികയാണ്. ധർമേന്ദ്ര വിജയകുമാറും 7 വയസുള്ള കുട്ടിയടക്കം 8 പേർ ഈ കെട്ടിടത്തിൽ താമസിക്കുകയായിരുന്നു.

ബാക്കിയുണ്ടായിരുന്നു 7 പേർക്ക് പകരം താമസ സൗകര്യം ഒരുക്കാൻ ഉടമ തയ്യാറായിട്ടില്ല. ചൊവ്വാഴ്ച രാവിലെ ഉടമ എത്തി കെട്ടിടത്തിന്റെ വൈദ്യുതി ബന്ധം വിഛേദിച്ചതെന്നാണ് വിവരം. തുടർന്ന് രാത്രി 9 മണി വരെ വൈദ്യുതി ഇല്ലാതെയാണ് തകര ഷീറ്റ് കെട്ടിടത്തിനടിയിൽ ചൂട് സഹിച്ച് 7 പേർ താമസിച്ചത്.

ഉച്ചക്ക് 2 മണിയോടെ 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, വൈസ് പ്രസിഡന്റ് സി.കെ റിജേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സുനീഷ് നടുവിലയിൽ എ. എം സരിത, 

വാർഡ്മെമ്പർ പി.എം രമ, അത്തോളി

ഫാമിലി ഹെൽത്ത് സെന്റർ എച്ച്. ഐ കെ.കെ രതീഷ് ,

ജെ എച്ച്.ഐമാരായ സി.സിതാര,അനുശ്രീ, തീർത്ഥ, പഞ്ചായത്ത് എച്ച്.ഐ ജഹിത് ലാൽ,

അത്തോളി 

എസ് ഐ എം.സി മുഹമ്മദലി,

എസ്.സി.പി ഒ വിജേഷ് തുടങ്ങിയവർ കെട്ടിടം പരിശോധിക്കാൻ എത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.സുരക്ഷിതമായ മറ്റ് കെട്ടിടത്തിലേക്ക് ഇവരെ മാറ്റി താമസിപ്പിക്കാൻ പഞ്ചായത്തും പോലീസും ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Recent News