കണ്ണിപ്പൊയിലിൽ വെടിയുണ്ടകൾ:
ബോംബ് സ്ക്വാഡ് പരിശോധനക്കെത്തി
സ്വന്തം ലേഖകൻ
Follow Up News :
അത്തോളി :കണ്ണിപ്പൊയിൽ ചെറുവത്ത് പറമ്പിൽ നിന്ന് പഴക്കം ചെന്ന 6 വെടിയുണ്ടകൾ കണ്ടെത്തിയ സ്ഥലം ബോംബുസ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധിച്ചു. സംഭവത്തിൽ മെറ്റൽ ഡിറ്റക്ടറിൽ കൂടുതൽ വെടിയുണ്ടകളോ മറ്റ് വസ്തുക്കളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡോഗിനും തെളിവുകൾ ഒന്നും ലഭിച്ചില്ല. അതുകൊണ്ടു തന്നെ സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പോലീസ് പറഞ്ഞു. വെടിയുണ്ടകളുടെ കാലപ്പഴക്കവും ഏത് തോക്കിൽ ഉപയോഗിക്കുന്നവയാണെന്നും കണ്ടെത്താനുള്ള ഫോറൻസിക് പരിശോധന നടക്കും. കണ്ണിപ്പൊയിൽ ചൈതന്യയിൽ ജിതേഷിൻ്റെ കുടുംബ സ്ഥലത്ത് വച്ചാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. പഴയൊരു തെങ്ങിൻ കുറ്റിയുടെ വേരിനോട് ചേർന്നായിരുന്നു വെടിയുണ്ടകൾ ലഭിച്ചത്. ഈ പറമ്പും പരിസരവും ബോംബു സ്ക്വാഡും ഡോഗ് സ്ക്വാഡും അരിച്ചു പെറുക്കി പരിശോധിച്ചു. അത്തോളി പോലീസും റൂറൽ ജില്ലാ ആർമററി വിങ്ങും നേരത്തെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വൈകിട്ട് സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് ഉണ്ടകൾ അളന്നു തിട്ടപ്പെടുത്തി വിശദ പരിശോധനക്കായി കൊണ്ടു പോയി.