സംസ്ഥാന പാതയിൽ കരിങ്കൽകെട്ട് തകർന്ന് കനാൽ നികന്നു
പുറക്കാട്ടിരി: പാവങ്ങാട് ഉള്ളിയേരി സംസ്ഥാന പാതയിൽ പുറക്കാട്ടിരി പാലത്തിന് സമീപം നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പമ്പിൻ്റെ സംരക്ഷണ ഭിത്തിയായ വലിയ കരിങ്കൽ കെട്ട് തകർന്നു വീണ് സമീപത്തെ കനാൽ നികന്നു. സമീപത്തെ വീടിൻ്റെ മതിലിനും കേടുപാടുകൾ പറ്റി. തിങ്കളാഴ്ച പുലർച്ചെ നാലര മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് പ്രദേശവാസികൾ ചെന്നു നോക്കിയപ്പോഴാണ് മതിൽ തകർന്നു വീണ വിവരമറിയുന്നത്. പൂനൂർ പുഴയിൽ നിന്നും പൂളാടി തോട്ടിലേക്കുള്ള ശുദ്ധജല പദ്ധതിയുടെ കോൺക്രീറ്റ് കനാലാണ് കല്ലും മണ്ണും വീണ് നികന്നത്.ഇതുമൂലം നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ശക്തമായ മഴ പെയ്താൽ പ്രദേശത്ത് വെള്ളക്കെട്ട് ഭീഷണി നിലനിൽക്കുന്നുണ്ട്. അശാസ്ത്രീയമായി നിർമിച്ചതാണ് കെട്ട് ഇടിഞ്ഞു വീഴാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. പുഴയോരത്തെ താഴ്ന്ന പ്രദേശത്ത് മെയിൻ റോഡിനോട് ചേർന്ന് ചുറ്റും മതിൽ കെട്ടി മണ്ണിട്ടുനികത്തിയാണ് നിർമ്മാണ പ്രവൃത്തി നടക്കുന്നത്. തകർന്നു വീണ കരിങ്കൽ കെട്ടിൻ്റെ അവശിഷ്ടങ്ങൾ എത്രയും പെട്ടെന്ന് നീക്കി കനാൽ പൂർവ്വസ്ഥിതിയിലാക്കാൻ പ്രവൃത്തി നടക്കുന്നതായി പമ്പിൻ്റെ പാർട്ണർ പറഞ്ഞു. പെട്രോൾ പമ്പ് വരുന്നതുമായി ബന്ധപ്പെട്ട് സമീപവാസികൾ കൊടുത്ത കേസ് കോടതിയിൽ നിലവിലുണ്ട്.
ഫോട്ടോ: പുറക്കാട്ടിരി പാലത്തിന് സമീപം നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പമ്പിൻ്റെ സംരക്ഷണ ഭിത്തി കനാലിലേക്ക് തകർന്നു വീണ നിലയിൽ.