തിരുവോണനാളിൽ അത്തോളി കുന്നത്തറ കമ്പനിയ്ക്ക് മുന്നിൽ പട്ടിണി സമരം;
പരിഹാരമായില്ലെങ്കിൽ
എം എൽ എ യെ വഴിയിൽ തടയുമെന്ന് ...
അത്തോളി: കുന്നത്തറ കമ്പനി തൊഴിലാളികൾക്ക് സർക്കാർ ഫെസ്റ്റിവൽ അലവൻസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നടത്തിയ പട്ടിണി സമരത്തിൽ പ്രതിഷേധമിരമ്പി.
കുന്നത്തറ ടെക്സ്റ്റയിൽസ് വർക്കേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കമ്പിനിയുടെ പ്രവേശന കവാടത്തിന് മുന്നിൽ
പട്ടിണി സമരം നടത്തിയത്.
കമ്മിറ്റി രക്ഷാധികാരി പി വി ഭാസ്ക്കരൻ കിടാവ് ഉദ്ഘാടനം ചെയ്തു. സമരം അനിവാര്യമായ ഘട്ടത്തിലാണ് നടത്തുന്നതെന്ന് ഭാസ്ക്കരൻ കിടാവ് പറഞ്ഞു . രണ്ട് ദിവസം മുൻപാണ് അലവൻസ് ലഭിക്കില്ലന്ന് ലേബർ ഓഫീസർ അറിയിച്ചത്. ഈ സമരത്തിന് ഒരു അലവൻസ് കിട്ടിയില്ല എന്നത് മാത്രമല്ല ഉള്ളത് , കമ്പിനിയുടെ പ്രശ്നം പരിഹരിക്കുന്നതിനും തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ശ്രമം ഉണ്ടാകുന്നതിനും വേണ്ടിയാണെന്നും കഴിഞ്ഞ 28 വർഷമായി കമ്പിനി പൂട്ടി കിടക്കുന്നതായും ഒരു സർക്കാറും ഒന്നും ചെയ്യാൻ തയ്യാറായില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെയർമാൻ സി പ്രഭാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.
തുടർന്ന് തൊഴിലാളികളുടെ പ്രതിനിധി എൻ രാജൻ സംസാരിച്ചു. ഇന്നേവരെ കുന്നത്തറ ടെക്സ്റ്റെയിൽസിനെ കുറിച്ച് നിയമ സഭയിൽ ഒരു ജന പ്രതിനിധിയും സംസാരിച്ചിട്ടില്ലന്ന് രാജൻ പറഞ്ഞു. തൊഴിലാളികളുടെ സർക്കാർ ഇവിടുത്തെ തൊഴിലാളികളുടെ പ്രശ്നം ചർച്ച ചെയ്യാതിരിക്കാൻ എന്ത് തെറ്റാണ് ചെയ്തത്. ബാലുശ്ശേരി മണ്ഡലത്തിൽ ഈ ടെക്സ്റ്റൈൽസ് ചിത്രത്തിലില്ല. എന്ത് കൊണ്ട് എന്ന് അന്വേഷിക്കുമ്പോൾ എന്ത് ചെയ്യാനാകും എന്നാണ് എം എൽ എ യും മറുപടി. ഒരു മണ്ഡലത്തിലെ എം എൽ എ ചെയ്യേണ്ടതായ കാര്യമുണ്ട്. ഇനി ചെയ്യാനാകുന്നില്ലെങ്കിൽ എം എൽ എ യെ വഴിയിൽ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി , ഈ സ്ഥാപനം നശിക്കാൻ കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്നും രാജൻ അഭ്യർത്ഥിച്ചു.
പി ബാലകൃഷ്ണൻ കിടാവ്, കെ പി കുട്ടികൃഷ്ണൻ കുറുപ്പ് , ആർ ഉണ്ണി, കെ രാധാകൃഷ്ണൻ എന്നിവർ സസാരിച്ചു.
എം മമ്മദ് കോയ സ്വാഗതവും രാജൻ നന്താത്ത് നന്ദിയും പറഞ്ഞു.
പൂട്ടിക്കിടക്കുന്ന കമ്പനിയിലെ 500 ഓളം തൊഴിലാളികൾക്ക് 2000 രൂപ വീതം കഴിഞ്ഞ വർഷം വരെ അലവൻസ് ലഭിച്ചിരുന്നു.
ഇത്തവണ അലവൻസ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.