അത്തോളി എം എം സി യിലേക്ക് മാർച്ച് നടത്തിയ കേസ് :
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു
ആവണി എ എസ്
Exclussive Report :
അത്തോളി :സ്വാശ്രയ കോളേജ് ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് മലബാർ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെറുതെ വിട്ടു.2016 ഒക്ടോബർ 14 നായിരുന്നു കേസിനസ്പദമായ സംഭവം.
ജൈസൽ അത്തോളി , ഷമീർ നളന്ദ, ജിതേഷ് മൊടക്കല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ 60 ഓളം പേർ സംഘം ചേർന്ന് സർക്കാരിനെതിരെയും പോലീസിനെതിരെയും പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് പോലീസ് വടം കെട്ടി തടഞ്ഞതിനെയും മറി കടന്ന് പോലീസിനും കെട്ടിടത്തിനും നേരെ കല്ലും വടിയും എടുത്ത് അക്രമം നടത്തി എന്നായിരുന്നു കേസ്.
മാർച്ചുമായി ബന്ധപ്പെട്ട് കെസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, ആർ ഷഹിൻ,യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് നൗഷീർ പി പി , യൂത്ത് കോൺഗ്രസ്സ് മുൻ നിയോജകമണ്ഡലം പ്രസിഡന്റുമാരായിരുന്ന ജൈസൽ അത്തോളി, ജിതേഷ് മൊടക്കല്ലൂർ ,ഉള്ളിയേരി മണ്ഡലം പ്രസിഡണ്ടായിരുന്ന ഷമീർ നളന്ദ, രജ്ഞിത്ത് കൂമുള്ളി,ജിതേഷ് മുതുകാട് തുടങ്ങി 60 ഓളം പ്രവർത്തകർക്ക് എതിരെയായിരുന്നു പോലീസ് കേസെടുത്തത്. പോലീസിനെ ആക്രമിക്കൽ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു പോലീസ് കേസെടുത്തത്.
എന്നാൽ പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബുധനാഴ്ച വെറുതെ വിട്ട് ഉത്തരവായത് . പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് കവിത മാത്യു പേരാമ്പ്ര കോടതിയിൽ ഹാജരായി.