ജില്ലയിൽ സി പി ഐ എം നെ നയിക്കാൻ   എം മെഹബൂബ് ; ജില്ലയിൽ പാർട്ടിയുടെ ന്യൂനപക്ഷ മുഖങ്ങളിൽ പ്രധാനിയും മ
ജില്ലയിൽ സി പി ഐ എം നെ നയിക്കാൻ എം മെഹബൂബ് ; ജില്ലയിൽ പാർട്ടിയുടെ ന്യൂനപക്ഷ മുഖങ്ങളിൽ പ്രധാനിയും മികച്ചസഹകാരികൂടിയായ എം മെഹബൂബിനിത് പുതിയ നിയോഗം ; അത്തോളിക്കാർക്ക് അഭിമാനം !
Atholi News31 Jan5 min

ജില്ലയിൽ സി പി ഐ എം നെ നയിക്കാൻ 

എം മെഹബൂബ് ; ജില്ലയിൽ പാർട്ടിയുടെ ന്യൂനപക്ഷ മുഖങ്ങളിൽ പ്രധാനിയും മികച്ചസഹകാരികൂടിയായ 

എം മെഹബൂബിനിത് പുതിയ നിയോഗം ; അത്തോളിക്കാർക്ക് അഭിമാനം !



എ എ 



വടകര:വിദ്യാർഥി–യുവജന പ്രസ്ഥാനത്തിലൂടെ വളർന്ന്‌ ജനനേതാവായി മാറിയ അത്തോളി സ്വദേശി 

എം മെഹബൂബ്‌ (64)

സി പി ഐ എം കോഴിക്കോട് ജില്ലയുടെ അമരക്കാരനാകുന്നു. 

പി മോഹനൻ മാസ്റ്റർ 3 തവണ സെക്രട്ടറി പദം പൂർത്തിയാക്കിയപ്പോൾ പുതിയ സെക്രട്ടറിയായി വടകരയിൽ 3 ദിവസങ്ങളിലായി പൂർത്തിയായ ജില്ലാ സമ്മേളനത്തിൽ പാർട്ടി ജില്ല സെക്രട്ടറിയായി 

എം മെഹബൂബിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ട് വെച്ച പേര് 

ജില്ലാ കമ്മിറ്റി അംഗീകരിച്ചതോടെ ജില്ലയിൽ പാർട്ടിയുടെ ന്യൂന പക്ഷ മുഖങ്ങളിൽ പ്രധാനിയും മികച്ച സഹകാരികൂടിയായ 

എം മെഹബൂബിന് 

പുതിയ നിയോഗം വന്നെത്തുകയായിരുന്നു.

നാലര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ്‌ മെഹബൂബ്‌ പാർട്ടി ജില്ലാ സെക്രട്ടറി പദത്തിലെത്തുന്നത്‌.  യുവജന പോരാട്ടങ്ങളിലൂടെ വളർന്ന്‌ തൊഴിലാളികളുടെയും കർഷകരുടെയും എണ്ണമറ്റ സമരങ്ങൾക്ക്‌ നേതൃത്വം നൽകിയ മെഹബൂബ്‌ കേരളത്തിലെ അറിയപ്പെടുന്ന സഹകാരികളിൽ പ്രമുഖനാണ്‌.   

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന മെഹബൂബ്‌ നിലവിൽ കർഷകസംഘം ജില്ലാ സെക്രട്ടറിയും കൺസ്യൂമർ ഫെഡ്‌ ചെയർമാനുമാണ്‌.

1977 ൽ പാർട്ടി അംഗമായ മെഹബുബ്‌ 1987 മുതൽ 2001 വരെ സിപിഐ എം ബാലുശേരി ഏരിയാസെക്രട്ടറിയായിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗവുമായും പ്രവർത്തിച്ചു. ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റായിരിക്കെ പാർട്ടി ജില്ലാ കമ്മറ്റിയംഗമായി.

24ാം വയസിൽ അത്തോളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്ന നിലയിൽ ഏഴരകൊല്ലത്തിലധികം പ്രശംസീനയമായ പ്രവർത്തനങ്ങൾ കാഴ്‌ചവെച്ചു. അക്കാലത്ത്‌ സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്‌കാരം അത്തോളിയെ തേടിയെത്തി. ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട് എന്ന സവിശേഷതയും സ്വന്തമാക്കി. യുവജന നേതാവായിരിക്കെ മന്ത്രിമാരെ തടയൽ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന്‌ പൊലീസ്‌ മർദനത്തിനിരയാകുകയും ജയിൽവാസമനുഭവിക്കുകയും ചെയ്‌തു. നേരത്തെ കർഷകസംഘം ജില്ലാ പ്രസിഡന്റായിരുന്ന മെഹബൂബ്‌ നിലവിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റാണ്‌.

കേരഫെഡ്‌ വൈസ്‌ ചെയർമാനായും കുറഞ്ഞകാലം ചെയർമാനായും പ്രവർത്തിച്ചു. തുടർച്ചയായി കൺസ്യൂമർഫെഡിന്റെ ചെയർമാനായ ഏകവ്യക്തിയാണ്‌. നഷടത്തിലായ കൺസ്യൂമർഫെഡിനെ ലാഭത്തിലാക്കിയതും ഇക്കാലയളവിലാണ്‌. സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച കോവിഡ്‌ കാലഘട്ടത്തിൽ സംസ്ഥാനത്താകെ ഭക്ഷ്യകിറ്റ്‌ വിതരണം ചെയ്യാൻ സർക്കാരിനൊപ്പം കൺസ്യൂമർ ഫെഡിന്റെയും പ്രവർത്തനം ശ്രദ്ധനേടി. 2016ലാണ്‌ കൺസ്യൂമർ ഫെഡിന്റെ ചെയർമാനായത്‌. 2024 ൽ വീണ്ടും ചെയർമാനായി. news image

എം ദാസൻ മെമ്മോറിയൽ എൻജിനീയറിങ്‌ കോളേജിന്റെ മാനേജിങ്‌ കമ്മറ്റി ചെയർമാനായ മെഹബൂബ്‌ സംസ്ഥാന സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, അത്തോളി സഹകരണ ആശുപത്രി പ്രസിഡന്റ്‌ (ഇവിടെ 20 വർഷത്തോളം പ്രസിഡണ്ട് ആയിരുന്നു), അത്തോളി സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, റബ്‌കോ ഡയരക്ടർ, കേരള ബാങ്ക്‌ ഡയരക്ടർ ,കോഴിക്കോട് മെഡിക്കൽ കോളജ് എച്ച് ഡി സി മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചു.

കൈവച്ച മേഖലയിലെല്ലാം തന്റേതായ കൈയൊപ്പുചർത്തിയ മെഹബൂബിന്‌ രണ്ടു തവണ മികച്ച സഹകാരി പുരസ്‌കാരം സഹകരണ വിദ്യാഭ്യാസമേഖലയിലെ പ്രവർത്തനത്തിന്‌ ഗാന്ധീ പീസ്‌ ഫൗണ്ടഷൻ പുരസ്‌കാരം, ജില്ലാ ബാങ്ക് പ്രസിഡൻ്റിനുള്ള ദേശീയ പുരസ്കാരം ( ബാങ്കിംഗ് ഫ്രൻ്റീയർ അവാർഡ് ), പ്രവാസി ഭാരതി പുരസ്കാരം , ഉദ്യോഗ പത്ര അവാർഡ് ഉൾപെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അത്തോളി ഗവ. ഹൈസ്‌കൂൾ, ഗവ. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എസ്‌എഫ്‌ഐ ജില്ലാകമ്മറ്റിയംഗമായും കെഎസ്‌വൈഎഫ്‌ ജില്ലാ കമ്മറ്റിയംഗമായും പ്രവർത്തിച്ചു. 

ജനനം 1958 ഒക്ടോബർ 18 ന്. അത്തോളി മേലേടത്ത് മുഹമ്മദ് കുഞ്ഞി - ഫാത്തിമ ദമ്പതികളുടെ മകൻ. 

അത്തോളി ടൗണിനടുത്ത്‌ ‘സൗഹൃദം’ വീട്ടിലാണ്‌ താമസം. 

എൽഐസിയിൽ നിന്നും വിരമിച്ച ടി പി സുഹറയാണ്‌ ഭാര്യ. മകൾ: ഡോ. ഫാത്തിമാ സനം (എം ഡി ലിയാ ഐ വി എഫ്‌ ഫെർട്ടിലിറ്റി സെന്റർ കുറ്റ്യാടി), മരുമകൻ: ഡോ. ആഷിഫ്‌ അലി (എം ഡി ലിയാ ഐവിഎഫ്‌ ഫെർട്ടിലിറ്റി സെന്റർ കുറ്റ്യാടി).

Recent News