കുറ്റ്യാടി - അത്തോളി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം മൂന്നാം ദിവസം ;വാട്സ് ആപ്പ് സമരാഹ്വാനത്തിനെതിരെ ചോദിക്കാനാരുമില്ല!
സ്വന്തം ലേഖകൻ
അത്തോളി:കുറ്റ്യാടി - ഉള്ള്യേരി - കോഴിക്കോട് റൂട്ടില്‍ ബസ് തൊഴിലാളികൾ മൂന്ന് ദിവസമായി നടത്തി വരുന്ന പണിമുടക്ക് മൂലം പൊതു ജനം വലഞ്ഞിട്ടും പരിഹരിക്കാൻ ആരുമില്ല.
ഗതാഗത പ്രശ്നം പരിഹരിക്കേണ്ടുന്ന ജില്ലാ ഭരണകൂടമോ ആർ ടി ഒ അധികൃതരോ തൊഴിലാളികളുമായി ഒരു ചർച്ചയ്ക്ക് പോലും ഇതുവരെ തയ്യാറായിട്ടില്ലെന്നത് ജില്ലാ ഭരണകൂടത്തിന്റെ വൻ പരാജയമാണ്. പൊട്ടി തകർന്ന റോഡുകളും കാലഹരണപ്പെട്ട ടൈം ഷെഡ്യൂളും ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങളും ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. സമരത്തിന് ബസ്സും ഉടമകളുടെ മൗനം അനുവാദം ഉണ്ട്. പൂച്ചയ്ക്കാരു മണികെട്ടും എന്ന് പറഞ്ഞതുപോലെ ആരാണ് പ്രശ്ന പരിഹാരത്തിന് മുന്നോട്ട് വരേണ്ടത് എന്നുള്ള മൂപ്പിളമ തർക്കം നിലനിൽക്കുന്നുണ്ട്. നാല് നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഈ റൂട്ടിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി അടക്കമുള്ള എംഎൽഎമാർ ഇനിയും മുന്നോട്ടു വന്നിട്ടില്ലെന്നത് ഗുരുതരമായ വീഴ്ച തന്നെയാണ്.
കുറ്റ്യാടി റൂട്ടില്‍ ഓടുന്ന ബസിലെ ഡ്രൈവറെ അകാരണമായി മര്‍ദിച്ച സംഭവത്തിലാണ് തൊഴിലാളികൾ ബസ് തൊഴിലാളി സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തിൻ പണിമുടക്കുന്നത്. ഞായറാഴ്ച രാവിലെ മുതലാണ് തൊഴിലാളികള്‍ പണിമുടക്കാരംഭിച്ചത്. അജ് വ ബസിലെ ഡ്രൈവര്‍ ലിനീഷിനാണ് മര്‍ദനമേറ്റത്. ഡ്രൈവറെ മർദ്ദിച്ച കാറിലുണ്ടായിരുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ബസ് ജീവനക്കാർക്കെതിരെ അത്തോളി കുറ്റ്യാടി റൂട്ടിൽ പല തവണ അക്രമണമുണ്ടാകുന്നെന്നാണ് തൊഴിലാളികൾ പറയുന്നത്. അതുകൊണ്ടുതന്നെ ജോലിക്ക് ഇറങ്ങാൻ ജീവനിൽ കൊതിയുള്ള തൊഴിലാളികൾക്ക് ഭയമാണെന്നും അവർ പറയുന്നു. മൂന്ന് ദിവസമായി ബസ് ഓടാത്തതിനാൽ ജനങ്ങൾ എറെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ ഗതാഗത മന്ത്രി ഇടപെട്ടതിനെ തുടർന്ന് കോഴിക്കോട്, തൊട്ടിൽപാലം ഡിപ്പോകളിൽ നിന്ന് കൂടുതൽ കെ എസ് ആർ ടി സി ബസ്സുകൾ ഓടിച്ചിരുന്നുവെങ്കിലും യാത്ര പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. 50ലേറെ ബസുകൾ സർവീസ് നടത്തുന്ന റൂട്ടാണ് കുറ്റ്യാടി കോഴിക്കോട് റൂട്ട്. ഇത്രയും ബസുകളുടെ പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്.