പ്ലസ് വൺ കൂട്ടുക്കാർക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ സ്വീകരണം ; കോക്കല്ലൂർ സ്ക്കൂളിൽ 'വരവേൽപ്പ് ' ശ്രദ്ധേയമായി
ബാലുശ്ശേരി : പ്ലസ് വൺ കൂട്ടുകാർ ഓരോരുത്തരായി സദസിൽ ഇരിപ്പിടം ഉറപ്പിച്ചു. സ്വീകരിക്കാൻ ഓടി നടന്ന് പ്ലസ്ടു വിദ്യാർഥികളായ സംഘാടകർ. ഈ അധ്യയന വർഷം ആദ്യം അഡ്മിഷനെടുത്ത പ്ലസ് വൺ വിദ്യാർത്ഥിക്ക് മെഴുക് തിരി ദീപം കൈമാറി. പിന്നാലെ പ്ലസ് ടു വിദ്യാർത്ഥിനികളുടെ വരവേല്പ് ഗാനം , അതിനൊപ്പം നൃത്ത ചുവടുമായി മൂന്ന് വിദ്യാർത്ഥിനികൾ .
വിദ്യാർത്ഥികൾ തന്നെയാണ് നൃത്തം ചിട്ടപ്പെടുത്തിയത്.
കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഈ അധ്യയന വർഷത്തെ പ്ലസ് വൺ വിദ്യാർത്ഥികളുടെ ആദ്യ ദിവസത്തെ തുടക്കം ഇങ്ങിനെയായിരുന്നു.
വരവേൽപ്പ് എന്ന് പേരിട്ട പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ പി പി പ്രേമ ഭ്രദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എൻ എം നിഷ , ഹെഡ്മാസ്റ്റർ യൂസഫ് നടുവണ്ണൂർ , പി ടി എ പ്രസിഡൻ്റ് അജീഷ് , ബക്കീത്ത എന്നിവർ കൈമാറിയ അക്ഷര ദീപം സ്കൂൾ പാർലിമെൻ്റ് ചെയർ പേഴ്സൺ റിയാന , പ്ലസ് വൺ പ്രവേശനം നേടി ആദ്യം രജിസ്റ്റർ ചെയ്ത അദ്വൈത് കൃഷ്ണയ്ക്ക് കൈമാറിയാണ് 'വരവേൽപ്പ് - 2024 ന് തുടക്കമായത് .
തുടർന്ന് വിദ്യാർത്ഥികൾ
"അക്ഷര ലോകത്താഴക്കടലിൽ മുത്തിന് വന്നവരേ " എന്ന ഗാനവുമായി വരവേൽപ്പ് ഗാനവും നൃത്താവിഷ്ക്കാരവും അവതരിപ്പിച്ചു.
പി ടി എ പ്രസിഡന്റ് അജീഷ് ബക്കീത്ത അധ്യക്ഷത വഹിച്ചു. ഗായികയും ബാലതാരവുമായ ഹരിചന്ദന നടുവണ്ണൂർ മുഖ്യാതിഥിയായി. മുസ്തഫ ദാരുകല, പി പ്രമോദ് , സ്റ്റാഫ് സെക്രട്ടറി പി ഷിംജിത,
വരവേൽപ്പ് കൺവീനർ എം പ്രകാശൻ , സീനിയർ അസിസ്റ്റന്റ് മുഹമ്മദ് സി അച്ചിയത്ത് എന്നിവർ സന്നിഹിതരായി.
പ്ലസ് വൺ പൊതു പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് ഉപഹാരം നൽകി. പ്ലസ് വൺ കൂട്ടുകാർക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നൽകുന്ന വരവേൽപ്പ് ഇതിനകം രണ്ട് പതിറ്റാണ്ട് പിന്നിട്ടു . റാഗിംഗിനെതിരെയുള്ള പോരാട്ടമായും പുതിയ വിദ്യാർത്ഥികളുമായുള്ള ഐക്യപ്പെടലിനും വരവേൽപ്പ് മാതൃകയാണെന്ന് സീനിയർ അധ്യാപകൻ മുഹമ്മദ് സി അച്ചിയത്ത് അഭിപ്രായപ്പെട്ടു.
പ്ലസ് ടു വിദ്യാർത്ഥികൾ 5 കമ്മിറ്റികൾ ഏകോപിപ്പിച്ചാണ് വരവേൽപ്പിന് നേതൃത്വം നൽകിയത് . വിദ്യാർത്ഥി പ്രതിനിധി കൺവീനർ സ്കൂൾ പാർലിമെൻ്റ് ചെയർപേഴ്സൺ കൂടിയായ സി കെ റിയോനയും അധ്യാപക പ്രതിനിധി കൺവീനർ എം പ്രകാശനും ആയിരുന്നു വരവേല്പ് സംഘാടന നേതൃത്വം.