അത്തോളിയിലെ അങ്കണവാടി
വർക്കർ റാങ്ക് ലിസ്റ്റിനെതിരെ പരാതി:
എൽ ഡി എഫ് പ്രക്ഷോഭത്തിന് ;നേരിടാൻ തയ്യാറെന്ന് ഭരണകക്ഷി
സ്വന്തം ലേഖകൻ
അത്തോളി : ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വർക്കർ ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിനെതിരെ ഉദ്യോഗാർത്ഥി പരാതി നൽകി. അത്തോളി വടക്കേ ചങ്ങരോത്ത് ജി സ്മിതയാണ് പന്തലായനി ബ്ലോക്ക് കെ ഡി എസ് ഓഫീസർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട എസ് സി / ബി പി എൽ ആയിരുന്നിട്ടും ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി കണ്ടില്ല. രാഷ്ട്രീയ താൽപര്യപ്രകാരമുള്ള ആളുകളെ ഉൾപ്പെടുത്തിയാണ് ലിസ്റ്റിൽ വന്നത്. ഇൻ്റവ്യൂ ചെയ്യുന്ന ആളുടെ ഭാര്യ ഈ ലിസ്റ്റിൽ ഉണ്ട് . ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട പലരുടെയും ബന്ധുക്കൾ ഇതിൽ ഉണ്ടെന്നും ലിസ്റ്റ് റദ്ദ് ചെയ്ത് കൊണ്ട് അർഹരായവരെ ഉൾപ്പെടുത്തി വീണ്ടും അഭിമുഖം നടത്തണമെന്നാവശ്യമാണ് പരാതിയിലുള്ളത്.
2023 സെപ്റ്റംബർ മാസത്തിൽ നടത്തിയ അഭിമുഖത്തിന്റെ റാങ്ക് ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ് പരാതി ഉയർന്നത്.
തുടർന്ന് ആരോപണ പ്രത്യാരോപണമാണ് ശനിയാഴു പകൽ മുഴുവൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നടന്നത്.
93 പേരുടെ ലിസ്റ്റിൽ സ്വജന പക്ഷപാതം നടത്തിയെന്നാണ് ഭരണ സമിതിക്കെതിരെ പ്രധാന ആരോപണം.
" യോഗ്യതയ്ക്ക് 85 മാർക്കും ഇതിന് പുറമെ 15 മാർക്ക് അഭിമുഖത്തിനുമാണ്.
15 മാർക്കിലാണ് സ്വന്തക്കാർക്കായി അട്ടിമറിച്ച് ലിസ്റ്റ് പുറത്ത് വന്നത് " ഡി വൈ എഫ് ഐ നേതാവ് സഫ്ദർ ഹാഷ്മി അത്തോളി ന്യൂസിനോട് പ്രതികരിച്ചു.
ഭരണ സമിതിയുടെ സ്വജന പക്ഷപാതത്തിനെതിരെ നടപടി സ്വീകരിക്കുന്നത് വരെ എൽ ഡി എഫ് പ്രാദേശിക നേതൃത്വം മുന്നോട്ട് പോകും . ഇതിനായി ഞായറാഴ്ച യോഗം ചേരുമെന്ന് സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എം ഷാജി അത്തോളി ന്യൂസിനോട് പറഞ്ഞു.
ഉദ്യോഗാർത്ഥികളുടെ ആശങ്ക മാറ്റണം, അത് വരെ ജനകീയ പ്രക്ഷോഭം ഉയർത്തുമെന്നും ഷാജി കൂട്ടിച്ചേർത്തു.
പഞ്ചായത്തിൽ ഇങ്ങിനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ പ്രതികരിച്ച് തുടങ്ങിയത്. അങ്കണവാടി വർക്കർമാരുടെ അഭിമുഖം നിയമാനുസൃതമാണ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു മഠത്തിൽ ഉൾപ്പെടെ പഞ്ചായത്തിലെയും ബ്ലോക്കിലെയും ജീവനക്കാർ കൂടി ഉൾപ്പെട്ട ബോർഡാണ് ഇൻ്റവ്യൂ നടത്തിയത് . സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം പഞ്ചായത്ത് ഇൻ്റവ്യൂ നടത്തി. തുടർന്ന്
സി ഡി പി ഒ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു .
യഥാർത്ഥത്തിൽ അത്തോളി പഞ്ചായത്തിൽ നിലവിൽ അങ്കണവാടി വർക്കറുടെ ഒഴിവുകൾ ഇല്ല , ആവശ്യമാകുന്ന പക്ഷം ലിസ്റ്റിലെ ആദ്യത്തെ പേര് എന്ന നിലയിൽ മുൻഗണന വെച്ചാണ് എടുക്കുകയെന്ന് ബിന്ദു രാജൻ വ്യക്തമാക്കി.
റാങ്ക് ലിസ്റ്റ്മായി ബന്ധപ്പെട്ട ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാട് പ്രതികരിച്ചു.
സ്വജനപക്ഷപാതം കാണിച്ചെങ്കിൽ ബ്ലോക്ക് പ്രസിഡൻ്റിൻ്റെ ഭാര്യ 44 ആം റാങ്കിലാവില്ലല്ലോ , ഒന്നാം റാങ്ക് കൊടുക്കണ്ടെ ?
31 അങ്കണവാടികളിൽ ഒരിടത്തും ഒഴിവില്ല.
3 വർഷമാണ് ലിസ്റ്റ് കാലാവധി . ഒരു ഒഴിവിന് സാധ്യതയുണ്ട്. അതിന് ഒന്നാം റാങ്ക് കാരിയല്ലെ പരിഗണിക്കുക. മറ്റൊന്ന്
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അവരുടെ ഭാര്യ അഭിമുഖത്തിന് എത്തിയപ്പോൾ മാറി നിന്നിരുന്നു.
ഇത് കൊണ്ടാണ് കേവലം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞത്, ഇനി എന്ത് വന്നാലും രാഷ്ട്രീയപരമായും നിയമപരമായും നേരിടാൻ തയ്യാറാണെന്ന് സുനിൽ കൊളക്കാട് പറഞ്ഞു
.
അതിനിടെ ആരോപണം നേരിട്ട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൈസൽ അത്തോളി രംഗത്ത് എത്തി. "ഭാര്യയെ ഞാൻ ഇൻ്റർവ്യൂ നടത്തി മാർക്ക് നൽകിയെന്നോ യോഗ്യത ഇല്ലാത്ത ആരെങ്കിലും ലിസ്റ്റിൽ ഉണ്ടെന്നോ തെളിയിച്ചാൽ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണ്" ജൈസൽ വാട്സ് ആപ്പ് കുറിപ്പിൽ പ്രതികരിച്ചു.
അതേ സമയം അങ്കണവാടി വർക്കർ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് വരും ദിവസങ്ങളിൽ സമര പോരാട്ടങ്ങൾക്ക് പ്രതിപക്ഷം തയ്യാറെടുക്കുമ്പോൾ പ്രതിരോധിക്കാനുള്ള കരുക്കളുമായി ഭരണ സമിതിയും യു ഡി എഫും നീങ്ങും.