വീട് പുതുക്കിപണിതു തരണമെന്ന് കെ.കെ രമ എം.എൽ.എയോട് ഫോണിൽ ആവശ്യപ്പെട്ടു :
പിന്നെ സംഭവിച്ചത്
വടകര: പഴകി വീഴാറായ വീട് പുതുക്കിപണിതു തരണമെന്ന് കെ.കെ രമ എം.എൽ.എയോട് ഫോണിൽ ആവശ്യപ്പെട്ട പുതുപ്പണം ജെ.എൻ. എം സ്കൂൾ പത്താംതരം വിദ്യാർഥി അഭിനവിനു ഇനി സ്വസ്ഥമായി വീട്ടിൽ കിടന്നു ഉറങ്ങാം. പണിപൂർത്തിയായ വീട് ഇന്ന് നടന്ന ചടങ്ങിൽ എംഎൽഎ അഭിനവിനു കൈമാറി.
നിലക്കാതെ മഴപെയ്ത ഒരു രാത്രി ചോർന്നൊലിക്കുന്ന, പൊളിഞ്ഞു വീഴാൻ സാധ്യതയുള്ള സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയാതെ അയൽപക്കത്തുള്ള വീട്ടിൽ ആശ്രയം തേടിയ ദിവസമാണ് അഭിനവ് എം.എൽ.എയെ വിളിക്കുന്നത്. അച്ഛനും അമ്മയും ചേച്ചിയുമായി ജീവിക്കുന്ന സ്വന്തം വീട് അടച്ചുറപ്പുള്ളതാക്കണം, എപ്പോഴും പൊളിഞ്ഞു വീണ് ജീവൻ തന്നെ നഷ്ടപ്പെട്ടു പോകുമെന്ന ഭയപ്പാടുള്ള ജീവിതത്തിൽ നിന്നുമുള്ള മോചനമായിരുന്നു അഭിനവിൻ്റെ ആവശ്യം. ജോലിക്ക് പോകാൻ കഴിയാത്ത അച്ഛൻ്റെ അവസ്ഥയും, സാമ്പത്തിക പ്രയാസത്താൽ മുന്നോട്ടുപോകാൻ കഴിയാത്ത ദൈനം ദിന ജീവിത പ്രയാസങ്ങളും അവൻ വിവരിച്ചു. അടുത്ത ദിവസം തന്നെ പ്രദേശത്തെ രാഷ്ട്രീയ നേതൃത്വത്തോടൊപ്പം പുതുപ്പണത്തെ വീട് സന്ദർശിക്കുകയും, സ്വന്തമായി ഒരു വീടുവേണമെന്ന അഭിനവിൻ്റെ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തുടർന്നുള്ള ഇടപെടലുക കളുടെ ഭാഗമായി നാട്ടിലും പുറത്തുമുള്ള സുമനസുകളുടെ സഹായങ്ങൾ ലഭ്യമായതോടെ പെട്ടെന്ന് തന്നെ വീടിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിക്കുകയായിരുന്നു എന്ന് എംഎൽഎ പറഞ്ഞു. സമയബന്ധിതമായി പണിപൂർത്തിയാക്കിയ അഭിനവിന്റെ മൂക്കൊളി മലയിൽ എന്ന വീട് ഭയപ്പാടില്ലാതെ കയറിക്കിടക്കാൻ കഴിയും വിധം ഇപ്പോൾ വാസയോഗ്യമായിരിക്കുകയാണ്.
അഭിനവിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം നിറവേറ്റാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും ഈ ആ വശ്യം അറിയിച്ചു സമീപിച്ചപ്പോൾ ഒരു പ്രയാസവുമില്ലാതെ സാമ്പത്തികമായും അല്ലാതെയും സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായും, വീടുപണി ഇത്രവേഗം പൂർത്തീകരിക്കാൻ ഒപ്പം നിന്ന പ്രദേശവാസികളെ അഭിവാദ്യം ചെയ്യുന്നതായും എം.എൽ.എ പറഞ്ഞു.
ചടങ്ങിൽ പി.കെ സിന്ധു അധ്യക്ഷയായി. ഇ.കെ വത്സരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. നല്ലാടത്ത് രാഘവൻ, കോട്ടയിൽ രാധാകൃഷ്ണൻ, പി.രജനി, കെ.എം ഹരിദാസൻ, ശിവരാമൻ, വി.പി മജീദ്, പി.എം പവിത്രൻ, നടയ്ക്കൽ കരീം, സതീശൻ കുരിയാടി, എ.പി ഷാജിത്ത്, എ.കെ രവീന്ദ്രൻ, കെ.ടി ഹരിമോഹൻ,ഗീത കല്ലായിന്റവിട എന്നിവർ സംസാരിച്ചു.