ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നിർത്തലാക്കുന്നതിനെതിരെ കൂട്ടായ നീക്കങ്ങൾ വേണം: എം
ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നിർത്തലാക്കുന്നതിനെതിരെ കൂട്ടായ നീക്കങ്ങൾ വേണം: എം.കെ രാഘവൻ എം.പി
Atholi News26 Nov5 min

ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നിർത്തലാക്കുന്നതിനെതിരെ കൂട്ടായ നീക്കങ്ങൾ വേണം: എം.കെ രാഘവൻ എം.പി


വിസ്ഡം ടീൻസ്പേസ് ഹയർ സെക്കൻഡറി വിദ്യാർത്ഥി സമ്മേളനത്തിന്‌ ഉജ്ജ്വല സമാപനം




അത്തോളി : മെറിറ്റ്‌ കം മീൻസ്‌ സ്കോളർഷിപ്പ്‌ ഉൾപ്പടെയുള്ള ദേശീയ സ്കോളർഷിപ്പ്‌ സ്കീമുകളിൽ ന്യൂനപക്ഷ വിഭാഗങ്ങളെ അവഗണിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരിൽ ശക്തമായ നീക്കങ്ങൾ വേണമെന്ന്‌ എം.കെ രാഘവൻ എം.പി.


വിസ്ഡം ഇസ്‌ലാമിക്‌ സ്റ്റുഡൻസ്‌ ഓർഗനൈസേഷൻ കോഴിക്കോട്‌ സൗത്ത്‌ ജില്ല കമ്മിറ്റി അത്തോളി ലക്ഷ്മോർ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ടീൻസ്പേസ്‌ ജില്ലാ ഹയർ സെക്കൻഡറി വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


9, 11 ക്ലാസുകളിലെ കുട്ടികൾക്കുള്ള പി.എം യശ്വസ്വി മത്സര പരീക്ഷ അവസാന നിമിഷം റദ്ദാക്കിയ കേന്ദ്ര സർക്കാർ സമീപനം വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്. ഈ വിഷയങ്ങൾ നടപ്പ് പാർലമെന്റ് സെഷനിൽ ഉന്നയിക്കുമെന്നും എം.പി വ്യക്തമാക്കി.


ദേശീയ തലത്തിലെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ കൂട്ടായ നീക്കങ്ങൾ ഉണ്ടാകണം. വർഗ്ഗീയ നീക്കങ്ങൾക്കെതിരെ മറുപടി നൽകേണ്ടത് മതേതര ബഹുസ്വര മൂല്യങ്ങൾ മുറുകെ പിടിച്ചാണ്‌. 


പാഠ്യപദ്ധതികളിൽ കാലോചിതമായ പരിഷ്കാരങ്ങൾ കൊണ്ട് വരണം. അനുദിനം മുന്നേറുന്ന നിർമ്മിത ബുദ്ധിയുൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ കൂടെ സംയോജിപ്പിച്ചു കൊണ്ടുള്ള കരിക്കുലമാണ്‌ കാലം ആവശ്യപ്പെടുന്നത്. ജീവിത ലക്ഷ്യം കൈവരിക്കാൻ പ്രാപ്തമാക്കുന്നതാണ്‌ ശരിയായ വിദ്യാഭ്യാസം. കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ തങ്ങളുടെ അഭിരുചികൾക്കും താത്പര്യങ്ങൾക്കുമാണ്‌ വിദ്യാർഥികൾ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 


സമൂഹത്തിൽ ഉയരുന്ന മാരകമായ ലഹരി ഉപയോഗത്തിനെതിരെ സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കുന്നതിന്‌ വിസ്ഡം ഉൾപ്പെടെയുള്ള സന്നദ്ധ കൂട്ടായ്മകൾ നേതൃപരമായ പങ്ക് വഹിക്കണമെന്നും ഇതിനെതിരെ സംഘടിതമായ നീക്കങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.  


വർദ്ധിക്കുന്ന സൈബർ ഉപയോഗത്തെ സംബന്ധിച്ച് വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണം. ആർജ്ജിക്കുന്ന വിദ്യാഭ്യാസം സമൂഹത്തിന്റെ ഗുണപരമായ മുന്നേറ്റത്തിന്‌ ഫലപ്രദമായി വിനിയോഗിക്കാനാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ല പ്രസിഡന്റ് വി.ടി. ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുറസാഖ് കൂട്ടിൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ ഉമർ അത്തോളി, വിസ്ഡം യൂത്ത് സെക്രട്ടറി ജംഷീർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡൻ്റ് അർഷദ് അൽ ഹികമി താനൂർ മുഖ്യപ്രഭാഷണം നടത്തി. 


ഏകദിന സമ്മേളനത്തിലെ വിവിധ സെഷനുകളിലായി വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ദീൻ സ്വലാഹി, വിസ്‌ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ഉപാധ്യക്ഷൻമാരായ ഡോ. ശഹബാസ് കെ അബ്ബാസ്, സഫ്‌വാൻ ബറാമി അൽ ഹികമി, വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡണ്ട് യാസീൻ അബൂബക്കർ, വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് അമീർ അത്തോളി, അബ്ദുറഹിമാൻ ചുങ്കത്തറ, ഡോ.മുഹമ്മദ്‌ കുട്ടി കണ്ണിയൻ, അംജദ് മദനി, മുഷ്ത്താക് അൽ ഹികമി,ഷാബിൻ മദനി പാലത്ത്, അജ്മൽ ഫൗസാൻ അൽ ഹികമി, സുഹൈൽ കല്ലായി, സഹൽ ആദം, അർഷദ് ചെറുവാടി, വിസ്ഡം സ്റ്റുഡന്റസ് ജില്ലാ ഭാരവാഹികളായ അസ്‌ലം ചെറുവണ്ണൂർ, റുഫൈദ് അത്തോളി, ഷബീർ കാരപറമ്പ്, ബാസിൽ നന്മണ്ട തുടങ്ങിയവർ പങ്കെടുത്തു.


ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി നൂറുകണക്കിന്‌ വിദ്യാർത്ഥികൾ സംബന്ധിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഗൃഹ സന്ദർശങ്ങൾ, സ്കൂൾ തലങ്ങളിൽ വിവിധ തരത്തിലുള്ള മത്സരങ്ങൾ, ലഹരിക്കെതിരെയുള്ള ബോധവൽക്കരണം, സന്ദേശ ലഘുലേഖ വിതരണം തുടങ്ങിയവ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി നടന്നു.




ഫോട്ടോ :വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ല സമിതി അത്തോളിയിൽ സംഘടിപ്പിച്ച ടീൻസ്പേസ് ജില്ലാ ഹയർ സെക്കൻഡറി വിദ്യാർത്ഥി സമ്മേളനം എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.

Tags:

Recent News