അത്തോളി സംസ്ഥാന പാതയിൽ 'കുണ്ടും കുഴിയും ': വിവാദങ്ങൾക്ക് എം എൽ എ യുടെ
വിശദീകരണം
സ്വന്തം ലേഖകൻ
Breaking News
അത്തോളി :പാവങ്ങാട് - ഉള്ളിയേരി സാസ്ഥാന പാതയിൽ അത്തോളി ഭാഗങ്ങളിൽ രൂപപ്പെട്ട കുണ്ടും കുഴിയുമായി ബന്ധപ്പെട്ട വിവാദത്തിന് സ്ഥലം എം എൽ എ സച്ചിൻ ദേവ് അത്തോളി ന്യൂസിലൂടെ മറുപടി നൽകി.
3 ആഴ്ചയായി ശക്തമായ മഴയെ തുടർന്ന് അത്തോളി സംസ്ഥാന പാതയിൽ പലയിടങ്ങളിലും കുണ്ടും കുഴിയുമായതിനെതുടർന്ന് പ്രതിഷേധം ശക്തമായിരുന്നു. അത്തോളി ഉള്ളിയേരി ബസ് കോർഡിനേഷൻ കമ്മിറ്റിയും പിന്നാലെ യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിനിടയിലാണ് അത്തോളി റോഡിന് 6 ലക്ഷം അനുവദിച്ചതായി പത്ര വാർത്ത വരുന്നത്.
റോഡിന്റെ ശോചനീയാവസ്ഥയും 6 ലക്ഷവും തമ്മിൽ പൊരുത്തപെടാതെ വന്നപ്പോൾ സമൂഹ മാധ്യമത്തിൽ ചർച്ച രൂക്ഷമായി. ഈ സാഹചര്യത്തിലാണ് സച്ചിൻ ദേവ് എം എൽ എ അത്തോളി ന്യൂസുമായി അൽപ്പ സമയം ചിലവഴിച്ചത്.
6 ലക്ഷം അനുവദിച്ചു എന്നത് ശരിയാണ് , പക്ഷെ അത് ഏത് വിധത്തിൽ എന്നത് പരാമർശം ഇല്ലാതെ പോയതാകാം ആശങ്കക്കിടയാക്കിയത് . ജലജീവൻ മിഷൻ പൈപ്പിട ലുമായി ബന്ധപ്പെട്ട് റോഡ് ചിലയിടങ്ങളിൽ പൊളിഞ്ഞിട്ടുണ്ട് , മഴയും ശക്തമായതോടെ അപകടസാധ്യത മുന്നിൽ കണ്ട് സർക്കാർ അടിയന്തര ഘട്ടത്തിൽ അത്യാവശ്യമായി ചിലവഴിക്കാനാണ് 6 ലക്ഷം അനുവദിച്ചത്. പൊട്ടി പൊളിഞ്ഞത് നന്നാക്കൽ , കുഴി അടക്കൽ എന്നിവക്കാണിത് .
ജലജീവൻ പൈപ്പിടൽ കരാർ ഏറ്റെടുത്തവർ റോഡ് വെട്ടി പൊളിച്ചത് പുന:സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. അതിലുപരി യാണ് താൽക്കാലിക ആശ്വാസ നടപടിയായി ഈ തുക -എം എൽ എ വിശദീകരിച്ചു.
ഉള്ളിയേരി അത്തോളി - പാവങ്ങാട് സംസ്ഥാന പാതയിലെ റോഡ് വികസനത്തിന് 4 കോടി 27 ലക്ഷം രൂപയുടെ ടെൻഡർ അനുമതിയായിട്ടുണ്ട് . യു എൽ സി സി ക്കാണ് കരാർ. മഴ മാറിയാൽ പണി ആരംഭിക്കും. കുത്തിയൊലിക്കുന്ന മഴയിൽ റോഡ് പണി നടക്കില്ലല്ലോ.
നിലവിൽ പാവങ്ങാട് , ഉള്ളിയേരി , കണ്ണൂരിലെ ചൊവ്വ വരെയുള്ള സംസ്ഥാന പാത വികസനത്തിന് കിഫ്ബി ഫണ്ടും അനുവദിച്ചുള്ളതാണ് . സർവേ പൂർത്തിയാക്കി അക്വസിഷൻ നടപടി പുരോഗമിക്കുന്നു. അത്തോളിയിലെ ഇടുങ്ങിയ റോഡിന് ഇരുവശങ്ങളിലെയും സ്ഥല ഉടമകളുമായുള്ള കേസിൽ തീരുമാനം ആവേണ്ടതുണ്ട്. അതിനിടയിൽ അക്വസിഷൻ പൂർത്തിയായ ഇടങ്ങളിൽ വാല്യൂ നിശ്ചയിച്ച് അലൈൻമെൻ്റ് പൂർത്തിയാക്കണം. എം എൽ എ പറഞ്ഞു.