അത്തോളിയിൽ ജലജീവൻ വെട്ടി പൊളിച്ച റോഡുകളുടെ അറ്റകുറ്റ പണി പൂർത്തിയായില്ല :
വൈകുന്നത് മഴയും ക്വാറി വേസ്റ്റിൻ്റെ ലഭ്യതക്കുറവും കാരണമെന്ന് കരാറുകാരൻ!
സ്വന്തം ലേഖകൻ
അത്തോളി: ജലജീവൻ പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡുകൾ ജൂൺ 15 നകം മുഴുവൻ നന്നാക്കുമെന്ന പ്രഖ്യാപനം അധികൃതർക്ക് വാക്ക് പാലിക്കാനായില്ല .
റോഡ് വെട്ടിപ്പൊളിച്ചതിനെ തുടർന്ന് ജലജീവൻ മിഷൻ എഞ്ചിനീയർ ഉൾപ്പെടെയുള്ളവരെ പഞ്ചായത്ത് ഓഫീസിൽ ഭരണ സമിതി പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു.
ഇതേ തുടർന്ന് അത്തോളി പോലീസ് ഇടപെട്ട് ചർച്ച നടത്തിയപ്പോൾ ജൂൺ 15 നകം റോഡ് വെട്ടി പൊളിച്ചത് പുന:സ്ഥാപിക്കാമെന്ന് ജലജീവൻ അധികൃതർ ഭരണ സമിതിയ്ക്ക് ഉറപ്പ് നൽകിയിരുന്നു.
ഇത് അത്തോളി ന്യൂസ് ഉൾപ്പടെയുള്ള മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ജൂൺ 15 കഴിഞ്ഞിട്ടും ഭൂരിഭാഗം സ്ഥലങ്ങളിലും പണി പൂർത്തിയായില്ല.
റോഡ് നന്നാക്കൽ പണി തുടരുകയാണെന്ന് കരാർ കമ്പനി പ്രൊജക്ട് മാനേജർ ഷാജി ദാമോദർ അത്തോളി ന്യൂസിനോട് പറഞ്ഞു. ജോലികൾ തുടങ്ങിയെങ്കിലും മഴയും ക്വാറി വേസ്റ്റിൻ്റെ ലഭ്യതക്കുറവും കാരണം മുഴുവനും പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന് ഷാജി വ്യക്തമാക്കി. പഞ്ചായത്ത് ഭരണസമിതി നടത്തിയ സമരത്തെ തുടർന്നായിരുന്നു അസി. എക്സി എഞ്ചിനിയർ പഞ്ചായത്തിലെത്തി കരാറുകാരനുമായി ചർച്ച നടത്തിയത്. ഇന്നലെ വരെ പഞ്ചായത്തിലെ 14 ഓളം റോഡുകൾ നന്നാക്കിയതായി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അറിയിച്ചു . റോഡ് വെട്ടി പൊളിച്ചത് നന്നാക്കുമെന്ന് ഉറപ്പ് നൽകിയ ദിവസം ഇന്നലെ,
അസി. എക്സിക്കൂട്ടീവ് എഞ്ചിനിയറെ ബന്ധപ്പെട്ടപ്പോൾ പ്രവൃത്തി കഴിവതും വേഗം പൂർത്തിയാക്കാൻ അദ്ദേഹം കരാറു കാരോട് നിർദ്ദേശിച്ചതായി പ്രസിഡൻ്റ് പറഞ്ഞു. അതേ സമയം കനത്ത മഴയുള്ളപ്പോൾ ചെയ്ത കോൺക്രീറ്റ് ഇളകി ഒലിച്ചു പോയതിനാലാണ് അത്തരം പ്രവൃത്തികൾ മാറ്റി വച്ചതെന്ന് ഷാജി ദാമോദർ പറഞ്ഞു .
മഴ മാറുന്ന സമയത്തേ കുത്തനെയുള്ള റോഡുകളുടെ പ്രവർത്തി ചെയ്യാനാവുമെന്നും ബാക്കി റോഡുകളുടെ പ്രവൃത്തി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പത്താം വാർഡിലെ പ്രവൃത്തി തടഞ്ഞതും സബ് കരാറുകാർക്ക് പ്രശ്നമായിരുന്നു. അത്തോളി പഞ്ചായത്തിലെ ജലജീവന്റെ പ്രവർത്തികൾ 90% വും പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.
ഇനി റോഡുകളുടെ അറ്റകുറ്റപ്പണിയും വീടുകളിലേക്കുള്ള കണക്ഷൻ നൽകലും മെയിൻ ടാങ്കിന്റെ പ്രവൃത്തിയുമാണ് ബാക്കിയുള്ളത്. ഇതുവരെ എടുത്ത പണിക്കുള്ള ബില്ലുകൾ സർക്കാരിൽ നിന്നും മാറിക്കിട്ടാത്തതും പ്രവൃത്തി ഇഴയാൻ കാരണമായതായും ഷാജി പറയുന്നു.
കോഴിക്കോട് ജില്ലയിലെ 9 പഞ്ചായത്തുകളിൽ കരാർ എടുത്തിട്ടുള്ള റീന എൻജിനീയറിങ് കമ്പനിക്ക് ഈ പദ്ധതി പ്രകാരം 125 കോടി രൂപയുടെ കുടിശിക ഉള്ളതായി അദ്ദേഹം പറഞ്ഞു. ഇതുപോലെ ജില്ലയിൽ തന്നെ ഒട്ടനവധി കമ്പനികൾ പ്രവർത്തി ചെയ്യുന്നുണ്ട്. അവർക്കും ബില്ലുകൾ കിട്ടാനുണ്ട്. അത്തോളിയിലെ തന്നെ മെയിൻ ലൈൻ പ്രവൃത്തി മലപ്പുറത്തെ മിഡ് ലാൻഡ് കമ്പനിയാണ് ചെയ്യുന്നത്.