അത്തോളിയിൽ തെരുവ് നായ ശല്യം രൂക്ഷം ; ഷെൽട്ടർ സ്ഥലം കണ്ടെത്താൻ സമിതി
അത്തോളിയിൽ തെരുവ് നായ ശല്യം രൂക്ഷം ; ഷെൽട്ടർ സ്ഥലം കണ്ടെത്താൻ സമിതി
Atholi News1 Jul5 min

അത്തോളിയിൽ തെരുവ് നായ ശല്യം രൂക്ഷം ; ഷെൽട്ടർ സ്ഥലം കണ്ടെത്താൻ സമിതി



അത്തോളി :പഞ്ചായത്തിലെ തെരുവോരങ്ങളിലും

ഇടവഴികളിലും വ്യാപക തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രതിവിധി യായി നായകൾക്ക് ഷെൽട്ടർ ഒരുക്കണമെന്ന സർക്കാർ ഉത്തരവിൽ സ്ഥലം കണ്ടെത്താൻ പഞ്ചായത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു.


ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മുഴുവൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഓൺ ലൈൻ വഴി ഏർപ്പെടുത്തിയ യോഗത്തിലാണ് സർക്കാർ ഉത്തരവ് നടപ്പാക്കാൻ നിർദേശം നൽകിയത് , 

ഇത് പ്രകാരം ശനിയാഴ്ച ചേർന്ന ഗ്രാമ പഞ്ചായത്ത് ബോർഡ് യോഗത്തിൽ അജണ്ടയിൽ ഉൾപ്പെടുത്തി ഷെൽട്ടർ സമിതി രൂപീകരിക്കുകയായിരുന്നു.


അത്തോളിയ്ക്ക് പുറമെ 

പന്തലായനി ബ്ലോക്കിന് കീഴിലുള്ള ചേമഞ്ചേരി, അരിക്കുളം, മൂടാടി ,ചെങ്ങോട്ട് ക്കാവ് എന്നീ പഞ്ചായത്തുകളിലും സമാന ആവശ്യത്തിനായി സമിതി രൂപീകരിക്കാൻ നിർദേശമുണ്ട്.


ജില്ലാ പഞ്ചായത്തിന് കീഴിലായിരുന്നു എ ബി സി പദ്ധതി ഉൾപ്പെടെ നടപ്പിലാക്കിയിരുന്നത്. തെരുവ് നായ അക്രമം വ്യാപക പ്രതിഷേധങ്ങൾക്കിടയിൽ നായക്കളെ കൂട്ടത്തോടെ പിടി കൂടി നിലവിലുള്ള താമരശ്ശേരിയിലെ ഷെൽട്ടറുകളിൽ എത്തിക്കുകയായിരുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കൂടുതൽ തെരുവ് നായക്കളെ ഒരു സ്ഥലത്ത് എത്തിച്ചതോടെ വ്യാപക പ്രതിഷേധത്തിനിടയാക്കി. ഇതോടെ നായ പിടുത്തം കുറഞ്ഞു. വീണ്ടും തെരുവ് നായ അക്രമം ആശങ്കയിലായതോടെ പരിഹാരമായി ഷെൽട്ടർ സംവിധാനം ഒരുക്കൽ ജില്ലാ പഞ്ചായത്ത് സംവിധാനത്തിൽ നിന്നും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മാറ്റാൻ തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് തലത്തിൽ ഷെൽട്ടർ തയ്യാറാക്കി തെരുവ് നായ്ക്കളെ എത്തിച്ച് വന്ധീകരണം നടത്തണം.

5 പഞ്ചായത്തിൽ എവിടെയെങ്കിലും തെരുവ് നായ്ക്കൾക്കുള്ള ഷെൽട്ടർ ഒരുക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി ബ്ലോക്കിനെ അറിയിക്കണമെന്നാണ് ഉത്തരവ്.


അത്തോളി ഗ്രാമ പഞ്ചായത്തിൽ ഇതിനായി രൂപീകരിച്ച സമിതിയിൽ സ്ഥിരം സമിതി അധ്യക്ഷ എ എം സരിത, പഞ്ചായത്ത് അംഗങ്ങളായ സി കെ റിജേഷ്, എ എം വേലായുധൻ എന്നിവരാണ് . നിലവിൽ നായ പിടുത്തം കുറഞ്ഞതോടെ വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കും പ്രയാസം നേരിടുകയാണ്. ബോർഡ് യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന സന്ദീപ് നാലു പുരയ്ക്കൽ അധ്യക്ഷനായിരുന്നു.

Tags:

Recent News