അത്തോളി സ്റ്റേഷനിൽ വനിതാ പോലീസുകാരുടെ കുറവ്; കേസന്വേഷണത്തെ ബാധിക്കുന്നതായി വ്യാപക പരാതി
അത്തോളി : അത്തോളി പോലീസ് സ്റ്റേഷനിൽ വനിത പോലീസുകാരുടെ എണ്ണത്തിൽ കുറവ് പരാതിക്കിടയാക്കുന്നു.
ഉള്ളിയേരി - അത്തോളി പഞ്ചായത്ത് പരിധിയിലെ ഈ സ്റ്റേഷനിൽ
സ്ഥലത്തെ ജനസംഖ്യയുടെയും
ദേശത്തിന്റെയും പ്രത്യേകത പരിഗണിച്ച് 5 വനിത പോലീസുകാർക്കാണ് നിയമനം. എന്നാൽ നിലവിൽ രണ്ട് പേർ മാത്രം. അഞ്ച് പേരിൽ ഒരു വനിതാ പോലീസ് നാല് വർഷമായി അവധിയിലാണ് .
വനിത പോലീസുകാരുടെ എണ്ണത്തിൽ കുറവ് കേസ് അന്വേഷണത്തെ ബാധിക്കുന്ന അവസ്ഥയാണുള്ളത് .വനിതകൾ പ്രതിയാകുന്നതും, പരാതിക്കാരാവുന്നതുമായ കേസിൽ മൊഴിയെടുക്കാനോ മറ്റ് സഹായങ്ങൾ നൽകാനോ സാധിക്കുന്നില്ല. കഴിഞ്ഞ മാസം ഒരു പരാതിയുമായി വന്ന സ്ത്രീ സ്റ്റേഷനിൽ വെച്ച് വിഷം കഴിച്ചു , ഈ സമയം വനിതാ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. ഈ സമയം സ്വീപ്പർ ജോലിയിൽ ഉണ്ടായിരുന്ന സ്ത്രീയുടെ സഹായം ആശ്രയിക്കുകയായിരുന്നു. തുടർന്ന് തൽക്കാലത്തെക്ക് രണ്ട് വനിത പോലീസുകാരെ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിൽ നിന്നും എത്തിച്ചാണ് പരിഹാരമായത്.
നിലവിൽ സ്റ്റേഷനിൽ രണ്ടു വനിതാ പോലീസുകാരുണ്ട്. പകലും രാത്രിയുമായാണ് ഇരുവരുടെയും ഷിഫ്റ്റ്. ഇതിലൊരാൾ അവധിയെടുത്താൽ മറ്റ് പോലീസ് സ്റ്റേഷനുകളിൽ നിന്നും വനിതാ പോലീസിനെ എത്തിക്കാറാണ് പതിവ്. ഇത് സംബന്ധിച്ച് റൂറൽ ആസ്ഥാനത്ത് പരാതി എത്തിയെങ്കിലും പ്രശ്നം പരിഹാരമായില്ല. സോഷ്യൽ മീഡിയയിൽ ഇതിനകം ജനങ്ങളുടെ ആശങ്ക പ്രചരിക്കുന്നുണ്ട്.