
തെരുവു വിളക്കുകൾ കത്തും ....... കത്തില്ല.....
പ്രവർത്തിപ്പിക്കാൻ സ്ഥിരമായി ആളില്ല !
അത്തോളി വാർഡ് 14 ലെ റോഡിലെ ദുരവസ്ഥക്ക് പരിഹാരം തേടുന്നു
അത്തോളി : 14-ാം വാർഡിലെ വിവിധ ഭാഗങ്ങളിലെ റോഡിലാണ് ഈ ദുരവസ്ഥ. ചിലപ്പോൾ ദിവസങ്ങളോളം പകലും രാത്രിയിലും ബൾബുകൾ കത്തുകയും കത്താതിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. ഈ പ്രദേശങ്ങളിലേക്കുള്ള വിളക്കിലെ ബൾബുകൾ പ്രകാശിപ്പിക്കാനുള്ള സ്വിച്ച് അത്തോളി പെട്രോൾ പമ്പിനു സമീപമുള്ള വൈദ്യുതി കാലിലാണ് സ്ഥാപിച്ചിട്ടുള്ളത്.
ഇത് സമയാ സമയം ഓണാക്കാനും ഓഫാക്കാനും സ്ഥിരമായി ആളെ നിയമിക്കാത്തതാണ് പ്രശ്നത്തിന് കാരണം. സന്മനസുള്ള ആളുകൾ ആരെങ്കിലും ആയിരുന്നു ഇത് പലപ്പോഴും ചെയ്തിരുന്നത്. മഴ പെയ്താൽ നനയുന്ന പോസ്റ്റിൽ തൊടാൻ പലരും മടിക്കുന്നുണ്ട്. മഴക്കാലത്ത് രാത്രിയിൽ തെരുവു വിളക്കിന്റെ വെളിച്ചമില്ലാതാകുമ്പോഴുള്ള കൂരിരുട്ടിൽ പ്രദേശവാസികൾ ദുരിതമനുഭവിക്കുകയാണ്. ജൽ ജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ചതിനെ തുടർന്ന് തകർന്നു തരിപ്പണമായ റോഡിൽ തെരുവുനായ, കാട്ടുപന്നി, മറ്റു ക്ഷുദ്ര ജീവികളുടെ ശല്യവും വേറെ ഉള്ളതിനാൽ രാത്രിയാത്ര ദുസ്സഹമായതിനാൽ ബൾബില്ലാത്ത സ്ഥലങ്ങളിൽ ബൾബിട്ടും ഫീസായവ മാറ്റിയിട്ടും രാത്രിയിൽ തെരുവു വിളക്കുകൾ കത്തിക്കാനുള്ള ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിത്രം: അത്തോളി 14-ാം വാർഡിൽ പകലും കത്തുന്ന തെരുവു വിളക്കുകൾ