അത്തോളിയിൽ കാൽ നടയാത്രകാരനായ
ക്ഷീര കർഷകന് വാഹനം ഇടിച്ച് ഗുരുതര പരിക്ക്
സൊസൈറ്റിയിലേക്ക് പാൽ കൊണ്ട് പോകും വഴിയാണ് അപകടം
ആവണി എ എസ്
അത്തോളി : കൂമുള്ളി സംസ്ഥാന പാതയിൽ റോഡിനരികെ
കാൽ നടയായി സഞ്ചരിക്കുകയായിരുന്ന ക്ഷീര കർഷകന് വാഹനം ഇടിച്ച് ഗുരുതര പരിക്ക്. കൂമുള്ളി അശ്വതി നിവാസിൽ കോമത്ത് ഗോവിന്ദൻ നായർക്കാണ് (66)പച്ചക്കറി ലോഡുമായി എത്തിയ ക്യാബിൻ പാർസൽ ലോറി ഇടിച്ച് പരിക്കേറ്റത്.വെള്ളിയാഴ്ച രാവിലെ 5.50 ഓടെയാണ് അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ ഗോവിന്ദൻ നായരെ ആദ്യം മൊടക്കല്ലൂർ എം എം സി യിലും തുടർന്ന് കോഴിക്കോട് മേത്ര ആശുപത്രിയിലും എത്തിച്ചു.
മിൽമ സൊസൈറ്റിയിലേക്ക് പാൽ എത്തിക്കുവാൻ പതിവ് പോലെ കാൽ നടയായി എത്തുകയായിരുന്നു.
കോഴിക്കോട് ഭാഗത്ത് നിന്നും ഉള്ളിയേരിയിലേക്ക് വരികയായിരുന്ന കെ എൽ 39 എസ് 3225 പാർസൽ ലോറിയാണ് ഇടിച്ചത്.തലക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മേത്ര ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിൽ ചികിത്സ തുടരുകയാണ്.അത്തോളി പോലീസ് കേസെടുത്തു.
ശനിയാഴ്ച ഉച്ചക്ക് ശേഷം പോലീസ് സഹോദരൻ ബാലൻ്റെയും രണ്ട് ദൃക്സാക്ഷികളുടെയും മൊഴിയെടുത്തു.ലോറി അമിത വേഗതയിലായിരുന്നു , ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നും വിവരമുണ്ട്. ലോറി ഡ്രൈവർ ചേളാരി സ്വദേശിയാണ്. കൂമുള്ളി പരിസരത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയിലേക്ക് വേഗം എത്തിച്ചേരാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.