തോടല്ല, റോഡ് : അത്തോളി കുനിയിൽ കടവ് റോഡ് തോടായി ', കാപ്പാട് തുഷാരഗിരി ടൂറിസം പാതയ്ക്ക് ഇനി എന്ന് ശാപ മോക്ഷം!!
സ്വന്തം ലേഖകൻ
അത്തോളി :തുഷാരഗിരി കാപ്പാട് റോഡിന്റെ ഭാഗമായ കുനിയിൽ കടവ് റോഡ്,തോടായി മാറി. മഴയത്ത് വെള്ളമൊഴിഞ്ഞു പോകാൻ ഓവുചാലില്ലാത്തതിനാൽ വെള്ളം റോഡിൽ നിരന്നൊഴുകുകയാണ്. കാൽ നടയാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ വെള്ളം ദേഹത്തേക്ക് തെറിക്കുക പതിവാണ്. വെള്ളത്തിൽ ഇറങ്ങാതെ റോഡിലൂടെയുള്ള യാത്രയും അസാധ്യവുമാണ്. മുൻപ് കാലത്ത് നിലവിലുണ്ടായിരുന്ന ഇടവഴികളെല്ലാം അടഞ്ഞതോടെയാണ് ഇതുവഴി ജലനിർഗമനത്തിന് മാർഗ്ഗമില്ലാതായത്.
ഇപ്പോൾ റോഡിൻറെ ഒരു വശത്തുകൂടി കനാലിലേക്ക് വെള്ളമൊഴുകുന്നുണ്ട്. അതുമാത്രമാണ് ഏക ആശ്വാസം. അടിയന്തരമായി റോഡിൽ ഓവു ചാൽ ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ഇക്കാര്യം കാപ്പാട് തുഷാരഗിരി റോഡിൻറെ എൻജിനീയറിങ് വിഭാഗത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അത്തോളി ന്യൂസിനോടു പറഞ്ഞു. ഇതേ തുടർന്ന് എത്തിയ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് വെള്ളം ഒഴുക്കി വിടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രാത്രിയിൽ വെള്ളം ഉയർന്ന് റോഡ് തോടായി മാറിയിരിക്കുകയാണ്.