അത്തോളിയിൽ റോഡുകൾ
വെട്ടി പൊളിച്ചതിൽ ഭരണ സമിതിയുടെ പ്രതിഷേധം
; ജലജീവൻ മിഷൻ അധികൃതരെ
പഞ്ചായത്ത് ഓഫീസിൽ പൂട്ടിയിട്ടു
ഭരണസമിതി വിളിച്ചു ചേർത്ത ചർച്ചയിൽ
ജല ജീവൻ പകരക്കാരെ പങ്കെടുപ്പിച്ചതിൽ പ്രതിഷേധം!
സ്വന്തം ലേഖകൻ
അത്തോളി: ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ അറ്റക്കുറ്റപണി നടത്താതെ ജല അതോറിറ്റിയും കരാറുകാരും നടത്തുന്ന ഒളിച്ചുകളിയിൽ പ്രതിഷേധിച്ച് അത്തോളിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ
ജല ജീവൻ ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഓഫീസ് ഹാളിൽ പൂട്ടിയിട്ടു.
പഞ്ചായത്ത് ഭരണ സമിതി ജലജീവൻ അസിസ്റ്റന്റ് എക്‌സി
എഞ്ചിനിയർ
ഷബീറിനെയും 2 ഓവസിയർമാരേയുമാണ് പഞ്ചായത്ത് ഓഫീസിൽ തടഞ്ഞുവച്ച് പ്രതിഷേധിച്ചത്.
ഒരു വർഷം മുമ്പെ വെട്ടിപ്പൊളിച്ച റോഡുകളുടെ ദുരവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടു നേരത്തെയുള്ള തീരുമാനപ്രകാരം പഞ്ചായത്ത് ഭരണസമിതി വിളിച്ചു ചേർത്ത ചർച്ചയിൽ വരാമെന്നേറ്റ എക്സിക്യൂട്ടീവ് എഞ്ചിനിയറും കരാറുകാരനും പങ്കെടുത്തില്ല.
പകരം ജലജീവൻ കരാറുകാരൻ്റെ സൈറ്റ് സൂപ്പർവൈസറും അസി.എഞ്ചിനിയറും മാത്രമാണ് പങ്കെടുത്തത്.
ഇതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.
ഭരണ സമിതിയംഗങ്ങൾ അധികാരികളെ പൂട്ടിയിടുകയും മുദ്രാവാക്യം മുഴുക്കി റൂമിനു മുമ്പിൽ കുത്തിരിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അത്തോളി പൊലീസ് എസ്.ഐ സുരേഷ് കുമാർ ജലജീവൻ അധികൃതരോടും പഞ്ചായത്ത് ഭരണസമിതിയുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. നാളെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചേരുന്ന യോഗത്തിൽ അസി. എക്സിക്യൂട്ടീവ് എഞ്ചിനിയറെയും കരാറുകാരനെയും പങ്കെടുപ്പിക്കുമെന്ന് പൊലീസ് ഉറപ്പു നൽകിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സമരം നിർത്തിയത്. കഴിഞ്ഞ മൂന്ന് തവണ ജലജീവൻ അധികൃതർ റോഡുകൾ റിപ്പയർ ചെയ്യാമെന്ന് നൽകിയ ഉറപ്പ് പാലിക്കാത്തതിനെതുടർന്നാണ് സമരമാർഗ്ഗം സ്വീകരിക്കേണ്ടി വന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ പറഞ്ഞു. പഞ്ചായത്ത് ഓഫീസിലെത്തിയ നാട്ടുകാർ പഞ്ചായത്ത് ഭരണസമിതിക്ക് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം മുഴക്കി.