ത്യാഗത്തിന്റെയും സ്നേഹത്തിൻ്റെയും സന്ദേശം പകർന്ന് ലോകമെങ്ങും പെരുന്നാൾ ആഘോഷിച്ചു ; അത്തോളിയിലെ വിവിധ പള്ളികളിൽ പ്രാർത്ഥന നടത്തി വിശ്വാസികൾ
അത്തോളി : സത്യമാർഗത്തിൽ സ്വജീവിതം സമർപ്പിക്കുക എന്ന സന്ദേശവുമായി നാടെങ്ങും ബലിപെരുനാൾ ആഘോഷിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പിറന്ന മകനെ ബലി നൽകാൻ ഒരുങ്ങിയ ഇബ്രാഹിമിന്റെ ത്യാഗം അനു സ്മരിച്ചുകൊണ്ടാണ് ലോകം പെരുനാൾ ആഘോഷിച്ചത്.
പള്ളികളും ഈദ്‌ഗാഹുകളും തഖ്‌ബീർ ധ്വനികളാൽ മുഖരിതമായി.ലോകനാഥനു മുന്നിൽ കുമ്പിട്ടു.
പരസ്‌പര സ്നേഹത്തോടെ ആലിംഗനം ചെയ്തു.
ഏറെ നാളുകൾക്കു ശേഷം കണ്ടുമുട്ടിയവർ കുശലാന്വേഷണം നടത്തി. വീടുകളിലേക്കും ക്ഷണിച്ചു. കുളിച്ചു പുതുവസ്ത്രങ്ങൾ അണിഞ്ഞ് അത്തറുപൂശി കുട്ടികളും മുതിർന്നവരും ആഹ്ലാദം പങ്കിട്ടു. വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം ബന്ധുവീടുകളും വിനോദകേന്ദ്രങ്ങളും സന്ദർശിച്ചു.
വിവിധയിടങ്ങളിൽ
രാവിലെ പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ്ഗാഹുകളിലും പ്രാർത്ഥന നടത്തി. നമസ്കാരാനന്തരം ഇമാമുകൾ വിശ്വാസികളെ ഉത്ബോധിപ്പിച്ചു. തുടർന്നു ഖബറിടങ്ങൾ സന്ദർശിച്ചു മൺമറഞ്ഞു പോയ ഉറ്റവർക്കും ഉടയവർക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. സമർപ്പണത്തിൻ്റെ പ്രതീകമായി മിക്കയിടങ്ങളിലും ബലികർമ്മവും നടന്നു.
അത്തോളി ടൗൺ ജുമ : മസ്ജിദ്, കുനിയിൽ പള്ളി എന്നിവിടങ്ങളിൽ പെരുന്നാൾ നമസ്ക്കാരത്തിന് നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുക്കാൻ എത്തി.