അര്‍ജുന്റെ വീട്ടിലെത്തി വീഡിയോ ചിത്രീകരണം ;യുട്യൂബിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
കോഴിക്കോട് :
ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട്ടിലെത്തി ചെറിയ കുഞ്ഞിന്റെ വീഡിയോ ചിത്രീകരിച്ച മഴവില്‍ കേരള യൂട്യൂബ് ചാനലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുഞ്ഞിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ചാനല്‍ നടത്തിയിരിക്കുന്നത് എന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ അറിയിച്ചു. ഇത് മാധ്യമ പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ല. ദുരന്തത്തില്‍ തകര്‍ന്നു നില്‍ക്കുന്ന കുടുംബത്തിന് ആശ്വാസം പകരുന്നതിന് പകരം മാധ്യമപ്രവര്‍ത്തക ആവര്‍ത്തിച്ച് കുഞ്ഞിനോട് അച്ഛനെ കുറിച്ച് ചോദിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് കോഴിക്കോട് ജില്ലാ പോലീസ് മേധാവി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, യൂട്യൂബ് ചാനല്‍ എന്നിവരില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.