ക്യാമറയിലൂടെ ഇന്ത്യയെ കണ്ടെത്തൽ : വിസ്മയപ്പെടുത്തും വിനോദ് അത്തോളിയുടെ വിവിധ ഫോട്ടോകൾ!!
SUNDAY WINDOW
തയ്യാറാക്കിയത്
സുനിൽ കൊളക്കാട്
കുതിച്ചു പായുന്ന ജല്ലിക്കെട്ട് കാളകളുടെ കുതിപ്പ് ക്യാമറയിൽ പകർത്തുകയായിരുന്നു,പെട്ടെന്നായിരുന്നു വഴിതെറ്റി വന്ന മറ്റൊരു കാള ആൾക്കൂട്ടത്തിലേക്ക് കുതിച്ചെത്തിയത്. ആൾത്തിരക്കിൽ വിനോദ് നിലത്ത് മലർന്നടിച്ചു വീണു. വിനോദിൻ്റെ നേരെ കാള പാഞ്ഞടുത്തു. അതിൻ്റെ കൂർത്ത കൊമ്പിനിടയിൽ ഇതാ എല്ലാം തീരുമെന്നുറപ്പിച്ച് അവസാനത്തെ ഫ്രെയിം മനസിലുറപ്പിച്ച് കണ്ണടച്ചു. പെട്ടെന്ന് കമ്പും വടികളും ഉയർന്നു കാളയെ ആൾക്കൂട്ടം തടഞ്ഞു. ഏതോ കൈകൾ വിനോദിനെ വലിച്ചു മാറ്റി. ആ അദൃശ്യ കൈകൾ ദൈവത്തിൻ്റെതായിരുന്നു എന്നാണ് വിനോദ് അത്തോളി വിശ്വസിക്കുന്നത്.
തമിഴ് നാട്ടിൽ സുപ്രസിദ്ധമായ ജല്ലിക്കെട്ടു കാണാനും ക്യാമറയിൽ പകർത്താനും എത്തിയതായിരുന്നു വിനോദ് . കരുത്തുറ്റ കാളകളെയാണ് ജല്ലിക്കെട്ടിനായി കൊണ്ടുവരുന്നത്. ഈ കാളകളോടാണ് മനുഷ്യർ പോരാടേണ്ടത്.
കാളയുമായി മൽപ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക് കാളയുടെ കൊമ്പിൽ പിടിച്ച് മണ്ണിൽ മുട്ടിക്കാനായാൽ അയാൾ വിജയിയാവുകയും സമ്മാനം ലഭിക്കുകയും ചെയ്യും.
വെറും കൈയോടെ വേണം കാളക്കൂറ്റനെ കീഴ്‌പെടുത്താൻ. പലപ്പോഴും ജല്ലിക്കെട്ടിൽ പങ്കെടുക്കുന്നവർക്ക് മാരകമായ പരിക്കുകളോ ജീവഹാനിയോ സംഭവിക്കാറുണ്ട്. അതിനിടയിൽ നിന്നാണ് വിനോദ് തലനാരിഴക്ക് രക്ഷപ്പെട്ടത്. വിനോദ് രക്ഷപ്പെട്ട ദിവസം പരുക്കേറ്റ നാലു പേരാണ് പരലോകം പൂകിയത്.
ക്യാമറയിലൂടെ ഇന്ത്യയെ കണ്ടെത്താനുള്ള ഭാരത പര്യടനത്തിലെ മറക്കാത്തൊരു ചിത്രമായിരുന്നു ജല്ലിക്കെട്ടിൽ തിരികെ കിട്ടിയ ജീവിതം, ക്യാമറയിൽ പതിയാത്ത ചിത്രവും.
തമിഴ് നാട്ടിലെ കുലസൈ ദസറയിൽ നിന്നും തുടങ്ങി മധുരയിലെ ഹോളി, രാജസ്ഥാനിലെ പുഷ്കർ മേള (ഒട്ടകച്ചന്ത) കശ്മീരിലെ നൊമഡിക് ഫെസ്റ്റ്, വാരണാസിയിലെ തീർഥാടനം അങ്ങിനെ വൈവിധ്യം നിറഞ്ഞ ഇന്ത്യൻ കലാ സാംസ്കാരിക രൂപങ്ങളെ ക്യാമറയിലേക്ക് പകർത്തുക, അതിലൂടെ ഇന്ത്യയെ കണ്ടെത്തുക. അതൊരു സീരീസായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ 15 വർഷമായി വിനോദ് സഞ്ചാരത്തിനിറങ്ങുന്നത്. വർഷത്തിൽ ഒരിക്കലാണ് വിനോദ് ഇന്ത്യയെ കണ്ടെത്താൻ പുറപ്പെടാറ്.
ചെറുപ്പം മുതലേ ഫോട്ടോഗ്രഫിയിലെ അമിത താൽപ്പര്യമാണ് വിനോദിനെ ഒരു ക്യാമറാമാനാക്കിയത്. 2000 മുതലാണ് വിനോദ് സ്വന്തമായ ക്യാമറയുമായി കറങ്ങാൻ തുടങ്ങിയത്.
ആറന്മുള വള്ളം കളി, തൃശൂർ പൂരം, തെയ്യങ്ങൾ എന്നിവയിലൂടെയാണ് യാത്രകൾക്ക് തുടക്കം കുറിച്ചത്. ആറന്മുള വള്ളം കളി വിവിഐപി പവലിനിയനിൽ പ്രവേശനം ലഭിച്ച് കേന്ദ്രമന്ത്രിയായ സുഷമ സ്വരാജിൻ്റെ ഫോട്ടോ എടുക്കാൻ അവസരം ലഭിച്ചതാണ് ആദ്യാനുഭവം.
2010 ന് ശേഷമാണ് കേരളത്തിനു പുറത്തേക്ക് ക്യാമറ തിരിക്കാൻ തുടങ്ങിയത്. ലഡാക്ക്, കാശ്മീർ എന്നിവിടങ്ങളിലെ ഗ്രാമീണരുടെ സ്നേഹ പ്രകടനം മറക്കാനാവില്ലെന്ന് വിനോദ് പറയുന്നു.
15 സംസ്ഥാനങ്ങളിലൂടെ തൻ്റെ യാത്ര പൂർത്തിയാക്കി. ഇനിയും ബാക്കി സ്ഥലങ്ങളിലേക്കുള്ള യാത്രകളാണ് വിനോദിൻ്റെ ലക്ഷ്യം. നമുക്കു ചുറ്റിലേയും ദൃശ്യങ്ങൾ എല്ലാവർക്കും ഒന്നുതന്നെയാണ്. പക്ഷേ വിനോദിൻ്റെ ക്യാമറകൾ ഒപ്പിയെടുക്കുന്നത് അതിനുമപ്പുറത്തെ ചില വർണ വിസ്മയങ്ങളുടെ ആവിഷ്കാരങ്ങളാണ്. അതിൽ നിഴലും വെളിച്ചവും മാത്രമല്ല സന്ദർഭങ്ങൾ വിനോദിന് വേണ്ടി മാത്രം കരുതിയ ചില അമൂല്യ നിമിഷങ്ങഘളുണ്ട്. അവ നിമിഷാർദം പോലും പാഴാക്കാതെ പകർത്തിയെടുക്കുന്നതിൽ വിനോദിൻ്റെ വൈദഗ്ധ്യവും കലാമൂല്യം നഷ്ടപ്പെടാതെയുള്ള സൂക്ഷ്മതയും ഓരോ ചിത്രത്തിനും നമ്മോടു പറയാനുണ്ട്.
കാളപൂട്ടിൽ ചിന്നിചിതറുന്ന ചെളി വെള്ളത്തിൻ്റെ വർണ കണങ്ങളും തീമഴയായ് പെയ്യുന്ന തെയ്യവും വലയെറിയുന്ന വള്ളക്കാരൻ്റെ ആകാശക്കാഴ്ചയും കൊമ്പിൽ കോർക്കുന്ന കാളക്കരുത്തും കുലശേഖര ദസറയിലെ ദൈവക്കോലങ്ങളുടെ ഭക്തിയും ചൈതന്യവും ഒട്ടകച്ചന്തയിലെ ചോരാത്ത ചൂരും വിനോദിൻ്റെ ക്യാമറയിലൂടെ കാണുമ്പോഴാണ് ഇന്ത്യൻ സാംസ്കാരിക വൈവിധ്യങ്ങളുടെ ആഴം നമ്മെ വിസ്മയിപ്പിക്കുന്നത്.
അന്താരാഷ്ട്ര മത്സരങ്ങളിലടക്കം പങ്കെടുക്കുന്ന വിനോദിൻ്റെ തൊപ്പിയിൽ അവാർഡുകളുടെ പൊൻതിളക്കം ഏറെയാണ്.
ഇതുവരെ ലഭിച്ച അവാർഡുകൾ :
ഇന്ദിര ആർട് സ് ഛായമോഹനം ( 2015), കേരള സ്റ്റേറ്റ് ഹരിതകേരളം മിഷൻ അവാർഡ്(2017,2019 വർഷങ്ങളിൽ), കേരള സ്റ്റേറ്റ് ജൈവ വൈവിധ്യബോർഡ് അവാർഡ് (2017,2019), ബ്രൂക്ക് ഇൻ്റർ നാഷണൽ അവാർഡ് (2019), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ആൻ്റ് ഇൻഡസ് സ്ക്രോൾ അവാർഡ് (2019), കൂട് മാഗസീൻ കടൽ കാഴ്ചകൾ അവാർഡ്, പരിസ്ഥിതി അവാർഡ് (2017), ജലം അവാർഡ് (2017), കേരള ഫോട്ടോഗ്രാഫേഴ്സ് ആൻ്റ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ അവാർഡ് (2018) എന്നിവയാണ് വിനോദിനെ തേടിയെത്തിയ പുരസ്കാരങ്ങൾ. അന്തർദേശീയ ഫോട്ടോഗ്രഫി മത്സരമായ ഹിപ മത്സരത്തിൽ ഫൈനലിലെത്തിയിരുന്നു (2017). 2020ൽ ലളിതകലാ അക്കാഡമി കലാകൃത്തായി തിരഞ്ഞെടുക്കുപ്പെട്ട വിനോദിൻ്റെ ചിത്രപ്രദർശനം കോഴിക്കോട് ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ നടത്തിയ പ്രദർശനം കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരുന്നു.
പരേതനായ ഗോപി ആശാരിയുടെയും ലീലയുടെയും മകനാണ്. ഭാര്യ: സ്വപ്ന. പാർഥിവും പ്രണവും മക്കളാണ്. അത്തോളിയിലെ മിയ സ്റ്റുഡിയോ ഉടമയായ വിനോദ് വിവാഹ ഫോട്ടോകളിലും ഫങ്ഷൻ ഫോട്ടോകളിലും തൻ്റെ മാന്ത്രിക കരവിരുത് പ്രകടിപ്പിക്കാറുണ്ട്.