
പേരാമ്പ്ര സംഘർഷം: പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; കേസെടുത്ത് പൊലീസ്
പേരാമ്പ്ര: പേരാമ്പ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം.കേസെടുത്ത് പൊലീസ്. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും സ്‌ഫോടക വസ്തു എറിഞ്ഞത് കണ്ടെത്തിയതോടെയാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ സ്‌ഫോടനം നടന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എസ് കെ സജീഷ് ആരോപണമുന്നയിച്ചിരുന്നു. പിന്നാലെ ഫോറന്‍സിക് സംഘവും പൊലീസും തിങ്കളാഴ്ച വൈകിട്ട് പേരാമ്പ്രയില്‍ പരിശോധന നടത്തി . ഡിവൈഎസ്പി എന്‍ സുനില്‍കുമാര്‍, പി ജംഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഘര്‍ഷത്തിനിടയില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഒട്ടേറെതവണ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പൊലീസ് പ്രയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്‌ഫോടനം എങ്ങനെയെന്നതില്‍ വ്യക്തമായിരുന്നില്ല.എന്നാൽ ദൃശ്യങ്ങള്‍ വന്നതോടെ സ്‌ഫോടനത്തില്‍ വ്യക്തത വരികയായിരുന്നു.
പുതിയ കേസില്‍ പ്രതിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. നേരത്തെ തന്നെ ഷാഫി പറമ്പില്‍ എംപി, ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ എന്നിവരടക്കം 700ഓളം ആളുകളുടെ പേരില്‍ പൊലീസ് സംഘര്‍ഷമുണ്ടായ ദിവസം തന്നെ കേസെടുത്തിരുന്നു. റോഡിലൂടെ ഗതാഗതതടസമുണ്ടാക്കി ജാഥ നടത്തി കല്ലെറിഞ്ഞ് പൊലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍പ്പിച്ചുവെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമുള്ള പേരിലാണ് ആദ്യം കേസെടുത്തത്.