ജീവനക്കാരുടെ കുറവ് :  അത്തോളി വില്ലേജ് ഓഫീസ് പ്രവര്‍ത്തനം താളം തെറ്റുന്നു
ജീവനക്കാരുടെ കുറവ് : അത്തോളി വില്ലേജ് ഓഫീസ് പ്രവര്‍ത്തനം താളം തെറ്റുന്നു
Atholi News4 Sep5 min

ജീവനക്കാരുടെ കുറവ് :

അത്തോളി വില്ലേജ് ഓഫീസ് പ്രവര്‍ത്തനം താളം തെറ്റുന്നു



Report :

എം കെ ആരിഫ്



അത്തോളി : വില്ലേജ് ഓഫീസില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് പൊതുജനങ്ങളെ പ്രയാസപ്പെടുത്തുന്നു . അത്തോളി വില്ലേജ് ഓഫീസിലാണ് വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ജീവനക്കാരുടെ കുറവ് കാരണം യഥാസമയം സേവനം ലഭിക്കുന്നതിന് തടസ്സമായിരിക്കുന്നത്. വില്ലേജ് ഓഫീസറുടേത് അടക്കം ഏഴ് തസ്തികകള്‍ നിലവിലുണ്ടെങ്കിലും 

മൂന്ന് വില്ലേജ് ജീവനക്കാരും, ഡെപ്യൂഡേഷനിലുള്ള ഒരു ഓഫീസ് അസിസ്റ്റന്റുമടക്കം നാല് ജീവനക്കാര്‍ മാത്രമാണ് ഇപ്പോഴുള്ളത്.

ദിവസേന സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റ് സേവനങ്ങൾക്കുമായി രാവിലെ ഓഫീസിൽ എത്തുന്നവര്‍ മടങ്ങുന്നത് ഏറെ വൈകിയാണ്. നിലവിലുള്ള ജീവനക്കാര്‍ കൂടുതല്‍ സമയം ജോലിചെയ്താണ് ആവശ്യക്കാര്‍ക്ക് വിവിധ സേവനങ്ങൾ നല്‍കുന്നത്.

രാവിലെ 10 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഓഫീസില്‍ ദിവസം നൂറില്‍പ്പരം ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്. കരമൊടുക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ഫാമിലി മെമ്പര്‍ഷിപ്പ്, പോക്കുവരവ്, നോണ്‍ – റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് എന്നിവക്ക് പുറമേ ലൈഫ് മിഷന്റെ അപേക്ഷകരുടെയും തിരക്ക് വില്ലേജ് ഓഫീസില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.എന്നാല്‍ സാധാരണ നിലയില്‍ വളരെ കുറഞ്ഞ ദിവസം കൊണ്ട് ചെയ്ത് കൊടുക്കേണ്ട കാര്യങ്ങള്‍ ഇപ്പോള്‍ അനന്തമായി നീളുന്ന അവസ്ഥയാണ്.

തരം മാറ്റവുമായി ബന്ധപ്പെട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മൂന്നു പേരെ മുൻപ് നിയമിച്ചിരുന്നു. അവരെ പിരിച്ചുവിട്ടതിനുശേഷം റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്മാരെ പുനർ വിന്യസിക്കുന്ന സമയത്ത് ജോലിഭാരം കണക്കിലെടുത്ത് രണ്ടുപേരെ നിയമിക്കാമെന്ന് അറിയിച്ചെങ്കിലും

ഒരു ജീവനക്കാരനെ സ്ഥലം മാറ്റുകയാണ് ചെയ്തത്.

അടിയന്തരമായി റവന്യു വകുപ്പ് ഇടപെട്ട് അത്തോളി വില്ലേജ് ഓഫീസില്‍ ജീവനക്കാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Recent News