മീൻ കൃഷി പഠിക്കാൻ അത്തോളിയിലൊരു
"കോളജ് ഓഫ് മീൻസ് "
തയ്യാറാക്കിയത് - സുനിൽ കൊളക്കാട്
അത്തോളി : മത്സ്യം പാകം ചെയ്യാൻ നമുക്കറിയാം, പക്ഷേ മത്സ്യത്തെ വളർത്താനോ? കേരളം മുഴുവൻ മത്സ്യകൃഷി പഠിപ്പിച്ചും പരിശീലിപ്പിച്ചും പ്രചരിപ്പിച്ചും നടക്കുന്ന ഒരു മത്സ്യക്കർഷകനായ മനോജ് അത്തോളിക്കാർക്കഭിമാനമാവുന്നു. 30 വർഷത്തെ മത്സ്യ കൃഷിയിലെ അനുഭവസമ്പത്തുമായി മനോജിന്ന് സംസ്ഥാനത്തെ കാർഷിക കോളേജുകളിലും ഫാമുകളിലും കർഷക സംഘങ്ങളിലും മത്സ്യകൃഷിയുടെ വിദഗ്ധനായ പരിശീലകനായി മാറുകയാണ്.
മലയാളിയുടെ തീൻമേശയിലെ മുന്തിയ വിഭവമാണല്ലോ മത്സ്യം. കടൽ മത്സ്യവും പുഴ മത്സ്യവും സുലഭമായ കേരളത്തിൽ പുഴമത്സ്യത്തിന് ഡിമാൻഡ് ഏറെ കൂടുതലാണ്. കടൽ മത്സ്യത്തെക്കാൾ മായം വളരെ കുറവാണ് എന്നുള്ളതും നമ്മുടെ പരിസരത്തെ പുഴകളിൽ ലഭ്യമാണ് എന്നുള്ളതും ഇതിനെ കൂടുതൽ ആകർഷകമാക്കുന്നത്. 16 വർഷം മുമ്പാണ് കുടുംബ സ്വത്തായി ലഭിച്ച വെള്ളക്കെട്ടുകളിൽ സ്വന്തമായി ആധുനികരീതിയിൽ ഫാമുണ്ടാക്കിയാണ് മത്സ്യ കൃഷി തുടങ്ങിയത്. 2011ലും 12 ലും നൂതനവും വൈവിധ്യ മേറിയതുമായ കൃഷിരീതികൾക്കാണ് മത്സ്യ കർഷകർക്കുള്ള ദേശീയ അവാർഡ് 2 തവണ മനോജിനെ തേടിയെത്തിയത്.
പുഴയിലെ കരിമീൻ കുഞ്ഞുങ്ങളെ ഫാമിലേക്ക് ആകർഷിച്ച് ശേഖരിച്ച് വിത്തു ഫാം തുടങ്ങിയും, വെള്ളത്തിൽ അലിഞ്ഞു പോകാത്ത പ്രത്യേകതരം മത്സ്യ തീറ്റ ഉണ്ടാക്കി തീറ്റ പാഴാകുന്നത് കുറക്കുന്ന രീതിയും ആയിരുന്നു അവാർഡിന് പരിഗണിക്കപ്പെട്ടത്. 2020 ൽ മികച്ച ഓരുജല കർഷകനുള്ള സംസ്ഥാന അവാർഡും ആത്മയുടെ ജില്ലാ അവാർഡും ലഭിച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച കരിമീൻ ഫാം കൂടിയാണ് മനോജിന്റെ അത്തോളിയിലെ നാഷണൽ അക്വാ ഫാം. ആവശ്യത്തിന് കരിമീൻ കുഞ്ഞുങ്ങളെയും ഇവിടുന്ന് ലഭ്യമാണ്. കൃഷിരീതിയും മനോജ് തന്നെ പഠിപ്പിച്ചു തരും. ഒട്ടേരെപ്പേർ ഇവിടെ വന്ന് മത്സ്യകൃഷി പഠിച്ചു വരുന്നുണ്ട്. ആർക്കും മനോജിനെ സമീപിച്ചാൽ മത്സ്യകൃഷി സ്വയത്തമാക്കാവുന്നതാണ്. നിലവിൽ10 മത്സ്യ കർഷകർ മനോജിന്റെ കീഴിൽ ഫാം നടത്തുന്നുണ്ട്. പെരുവണ്ണാമൂഴി കൃഷി വിജ്ഞാൻ കേന്ദ്രയിലും മാഹിയിലെ മഹാത്മ കോളേജിലും തലശ്ശേരി എരഞ്ഞോളി സർക്കാർ ഫാമിലും ക്ലാസെടുക്കാൻ വിളിക്കാറുണ്ട്. ജില്ലയിലെ തന്നെ വിവിധ കൃഷി കേന്ദ്രങ്ങളിലും ക്ലാസ്സെടുക്കാനും പരിശീലനം നൽകാനും മനോജിനെ വിളിക്കുന്നവർ ഏറെയാണ്. കരിമീൻ, പൂമീൻ, കാളാഞ്ചി, ചെമ്മീൻ എന്നിവയാണ് മനോജിന്റെ ഫാമിൽ സുലഭമായി ലഭിക്കുന്നത്.
മഴക്കാലമായതോടെ പുതിയ വിത്തിടാനുള്ള തയ്യാറെടുപ്പിലാണ് മനോജ്. വെള്ളപ്പൊക്കവും നീർനായയും നീർക്കാക്കയുമാണ് മത്സ്യകൃഷിയിലെ വില്ലന്മാർ ഇവയെ അതിജീവിച്ചെങ്കിൽ മാത്രമേ കൃഷി ലാഭകരമാക്കാൻ കഴിയുകയുള്ളൂ. ഇപ്പോൾ തീറ്റക്കുള്ള സബ്സിഡി പോലും സംസ്ഥാന സർക്കാർ പിടിച്ചുവച്ചതോടെ അതും ഒരു പ്രതിസന്ധിയാണെന്ന് മനോജ് പറയുന്നു. സുനിതയാണ് വേളൂർ നാലുപുരക്കൽ തറവാട്ടുകാരനായ മനോജിൻ്റെ ഭാര്യ .