വി കെ റോഡ് പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം : സി സി ടി വി ദൃശ്യം പുറത്ത് ',പോലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
Exclusive Report :
അത്തോളി : വി കെ റോഡ് ഓഷ്യൻ പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേർക്ക് നേരെ മദ്യപിച്ചെത്തിയ അഞ്ച് അംഗ സംഘം ചേർന്ന് അക്രമിച്ചതായി പരാതി . ഞായറാഴ്ച ഉച്ചക്ക് 2.10 ഓടെയാണ് സംഭവം.പെട്രോൾ നിറയ്ക്കാൻ എത്തിയ രണ്ട് പേരടങ്ങിയ കുടുംബം ആദ്യം 3000 രൂപയ്ക്ക് പെട്രോൾ നിറച്ചു. 500 രൂപ ക്യാഷും 2500 ജിപെ വഴി നൽകി. എന്നാൽ ജി പെ വഴി നൽകിയ തുക പമ്പിൻ്റെ എക്കൗണ്ടിൽ ലഭിച്ചില്ലന്ന് അറിയിച്ചു . ഇക്കാര്യം പമ്പ് ജീവനക്കാരി അന്വേഷിച്ചപ്പോൾ വീട്ടമ്മ ക്യാഷ് അടച്ചതായി മൊബൈലിൽ കാണിച്ചു. സഹപ്രവർത്തകനെ വിളിച്ചപ്പോഴേക്കും ക്യാഷ് ക്രെഡിറ്റായതായി ഉറപ്പ് വരുത്തി. തൊട്ടു പിന്നാലെ മറ്റൊരു കാറിൽ ( K L 76 2357 ) മദ്യപിച്ച എത്തിയ 5 അംഗ സംഘം ജി പെ ഇടപാടിനെ ചോദ്യം ചെയ്തു. ഇതിന് മറുപടി നൽകിയ ജീവനക്കാരിയോട് സംഘം അസഭ്യം വാക്കും ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്നാണ് പോലീസിന് നൽകിയ പരാതി .
" പെട്രോൾ അടിക്കാൻ എത്തിയ കുടുംബം 5 അംഗ സംഘവുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. ആ കാറിലുണ്ടായിരുന്ന ഒരാളും മറ്റൊരു കാറിൽ എത്തിയ 5 പേരും ഞങ്ങൾക്ക് നേരെ ഉന്തും തള്ളും നടത്തി , ഞായറാഴ്ച ആയതിനാൽ ജീവനക്കാരും അധികം ഉണ്ടായിരുന്നില്ല. സംഘത്തിലെ ഒരാൾ ആദ്യം വന്ന് അസഭ്യം പറഞ്ഞു.പിന്നാലെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാരി കെ ആഷ അത്തോളി ന്യൂസിനോട് പറഞ്ഞു.
ഒരു മണിക്കൂറോളം സംഘർഷാവസ്ഥയിലായിരുന്നു.
മറ്റ് ജീവനക്കാരായ പി കെ വിഷ്ണു , മുജീബ് റഹ്മാൻ എന്നിവർക്കും പരിക്കേറ്റു .ആശക്കും , വിഷ്ണുവിനും തലക്കും മുഖത്തും അടിയറ്റു .മുജീബ് റഹ്മാന് കൈക്കും പരിക്കേറ്റു. ഇവർ ഞായറാഴ്ച വൈകീട്ട് കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൻ്റെ തെളിവുകളായി പെട്രോൾ പമ്പിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് കൈമാറി .തുടർന്ന് തിങ്കളാഴ്ച വൈകീട്ട് പരാതിയും നൽകി.അക്രമികൾ ചേളന്നൂർ കണ്ണങ്കര സ്വദേശികളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പമ്പുടമയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായും അത്തോളി എസ് ഐ രാജീവ് പറഞ്ഞു.