
കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന;
പഴകിയ ഭക്ഷണസാധനങ്ങളും പൂപ്പൽ പിടിച്ച കരിമ്പും പിടിച്ചെടുത്തു
കോഴിക്കോട് : നഗരത്തിലെ വിവിധ ഹോട്ടലുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെയും ശുചിത്വ സംവിധാനങ്ങളുടെയും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി.
ഹോട്ടലുകളിൽ വൃത്തിഹീനമായ ഫ്രീസറുകളിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതായും അടുക്കളയും പരിസരവും വൃത്തിഹീനമായി കിടക്കുന്നതായും കണ്ടെത്തി.
ജൈവ, അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്തതും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ പൊതുഓവുചാലുകളിലേക്ക് ഒഴുക്കിവിടുന്നതും പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടു.
വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ ചിക്കൻ, ബീഫ്, മസാലകൾ എന്നിവ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. മുതലക്കുളത്തെ മലബാർ പാലസ് ഹോട്ടൽ, സൗത്ത് ബീച്ചിലെ സീക്യൂൻ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയതും ഉപയോഗ കാലാവധി കഴിഞ്ഞതുമായ ആഹാര സാധനങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ചിട്ടുള്ളത് പിടിച്ചെടുത്തിട്ടുള്ളത്.
സൗത്ത് ബീച്ചിലെ
കൂൾ കെയ്ൻ എന്ന സ്ഥാപനത്തിൽ ജ്യൂസ് തയ്യാറാക്കുന്നതിനായി സൂക്ഷിച്ചിരുന്ന പൂപ്പൽ പിടിച്ചതും വൃത്തിഹീനവുമായ കരിമ്പിൻ തണ്ടുകളും പിടിച്ചെടുത്തു.
അടുക്കളയും പരിസരവും വൃത്തിഹീനമായി കണ്ടെത്തിയ സംസം ഹോട്ടലിന് (ബീച്ച് റോഡ് ) നോട്ടീസ് നൽകി. മലിനജലം പൊതുഓവുചാലിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയ നഹിദി മന്തി (ബീച്ച് റോഡ് ) എന്ന സ്ഥാപനത്തിനും നോട്ടീസ് നൽകി.
നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും തുടർനടപടികൾ സ്വീകരിച്ചുവരികയുമാണ്. ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പുവരുത്തുന്നതിനായി നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും പരിശോധന തുടരും.
പരിശോധനയിൽ കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഇൻ ചാർജ് കെ. ദിലീപ് കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. രാജേഷ്, വിഷ്ണു പ്രസാദ്, സോണിയ എന്നിവർ പങ്കെടുത്തു.