
മത്സ്യസമ്പത്ത് വർദ്ധിപ്പിക്കൽ ; വേളൂർ വെസ്റ്റ് കടവിൽ കാര ചെമ്മീൻ വിത്തുകൾ നിക്ഷേപിച്ചു
അത്തോളി: കോരപ്പുഴയിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഉൾനാടൻ മത്സ്യബന്ധന മേഖലയുടെ സംരക്ഷണത്തിനുമായി വേളൂർ വെസ്റ്റ് കടവിൽ കാര ചെമ്മീൻ വിത്തുകൾ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ അത്തോളി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 2026–27 വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെ 'ഉൾനാടൻ ജല ആവാസവ്യവസ്ഥ സംരക്ഷണവും സംയോജിത മത്സ്യവിഭവ പരിപാലനവും' പദ്ധതിയുടെ ഭാഗമായാണ് വിത്ത് നിക്ഷേപം.
പൊതുജലാശയങ്ങളിലെ മത്സ്യ ഉൽപാദനം വർധിപ്പിക്കുക, മത്സ്യസമ്പത്തിന്റെ ശോഷണം തടയുക, പുഴകളെയും കായലുകളെയും ആശ്രയിച്ച് ഉപജീവനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
വേളൂർ വെസ്റ്റ് കടവിൽ നടന്ന ചടങ്ങ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം കോരപ്പുഴയിൽ കാര ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വാർഡ് മെമ്പർ എൻ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രാധാന്യവും വിശദീകരിച്ച് കോഴിക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ദിൽന ഡി.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. അനിൽകുമാർ, വാർഡ് മെമ്പർ എ.കെ. കുഞ്ഞായിൻകുട്ടി, വേളൂർ ആനപ്പാറ ഉൾനാടൻ മത്സ്യത്തൊഴിലാളി ക്ഷേമ വികസന സഹകരണ സംഘം പ്രസിഡന്റ് പി. പ്രഭാകരൻ, സെക്രട്ടറി പ്രിൻസി എന്നിവർ സംസാരിച്ചു.
കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനീഷ് പി. സ്വാഗതവും കൊയിലാണ്ടി മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രാഗേഷ് എസ്. നന്ദിയും പറഞ്ഞു.
പ്രദേശത്തെ മത്സ്യകർഷകർ, ഉൾനാടൻ മത്സ്യത്തൊഴിലാളികൾ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.