
അത്തോളിയിൽ
'മിനി ശബരിമല' ; അത്ഭുതക്കാഴ്ചയുമായി
അഖിലിന്റെ കരവിരുത്
ആവണി അജീഷ്
........... .............. ........
അത്തോളി: മണ്ഡലകാലത്തിന് തുടക്കമായതോടെ 41 ദിവസത്തെ വ്രതനിഷ്ഠയോടെ അയ്യപ്പഭക്തർ ശബരിമല തീർത്ഥാടനത്തിനൊരുങ്ങി. ഇതിനിടെ ശബരിമല അയ്യപ്പസന്നിധിയുടെ മാതൃകയിൽ
മനോഹരമായ മിനിയേച്ചർ മാതൃകയൊരുക്കി ശ്രദ്ധേയനാവുകയാണ് അഖിൽ അത്തോളി .
ശബരിമലയിൽ ദർശനം നടത്തുന്നതിന് മുമ്പ് മനസ്സിൽ തെളിഞ്ഞ അയ്യപ്പസന്നിധിയുടെ രൂപമാണ് അഖിൽ ചെറുമാതൃകയിൽ പുനരാവിഷ്കരിച്ചത്. ശബരിമലയിലെ സന്നിധാനവും പരിസരവും കഴിയുന്നത്ര തനിമയോടെ ഒരുക്കിയിരിക്കുന്ന ശബരിമല ക്ഷേത്ര മാതൃക കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നു.
ഭക്തിയും ഭാവനയും കൈകോർത്തപ്പോൾ പിറന്ന ഈ സൃഷ്ടിയിൽ ഓരോ ചെറിയ വിശദാംശങ്ങളിലും അഖിലിന്റെ കരവിരുതും സമർപ്പണവും പ്രകടമാണ്.
മണ്ഡലകാലത്ത് അയ്യപ്പഭക്തർ ശരണം വിളികളുമായി മലചവിട്ടുമ്പോൾ അത്തോളിയിലെ
ഈ "മിനി ശബരിമല "യും ശ്രദ്ധ നേടുകയാണ്.
5 വർഷങ്ങൾക്ക് മുമ്പാണ് ശബരി മല മാതൃക നിർമ്മിച്ചത്.
ഫോം ഷീറ്റും മൾട്ടിവുഡുമാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത് .ആദ്യമായി നിർമ്മിച്ചതിന് പുറമെ പുനെ മലയാളി കുടുംബത്തിന് ഇത്തരത്തിൽ ഒരെണ്ണം തയ്യാറാക്കി കൊടുത്തിരുന്നു.
ശബരി മലയിൽ
ഇതേ മാതൃകയിൽ ഒരെണ്ണം സമർപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് അഖിൽ അത്തോളി ന്യൂസിനോട് പറഞ്ഞു.
പ്ലസ് ടു വിദ്യാർത്ഥിയായിരിക്കെ തെർമോകോളിൽ വെഡിംഗ് നെയിംസ് നിർമ്മിച്ചാണ് തുടക്കം. 2020 ൽ
സ്വന്തം വീട് മാതൃക ഫോം ഷീറ്റിൽ നിർമ്മാണ് മിനിയേച്ചർ നിർമ്മാണ രംഗത്ത് സജീവമായത്.
ഇന്ത്യ ഗെയ്റ്റ് , വരിക്കാശ്ശേരി മന , അയോധ്യ രാമ ക്ഷേത്രം , 23 ഏക്കർ വിസ്തൃതിയുള്ള പാലക്കാട് ബയോ പ്ലാൻ്റ്, ആയഞ്ചേരി പള്ളി , സൗദിയിലെ അറബി കുടുംബത്തിനായി പിണറായിലെ പള്ളി,
കുറ്റ്യാടി താലൂക്ക് ആശുപത്രി, കാസർകോഡ് കുനിയ യൂണിവേഴ്സിറ്റി കെട്ടിടം
എന്നിവയുടെ മിനിയേച്ചർ ഇതിനകം ഓർഡർ അനുസരിച്ച് നിർമ്മിച്ചു നൽകി.
പാലോറത്ത് കാവ് , ഗോവിന്ദ നല്ലൂർ ക്ഷേത്രം എന്നിവയുടെ മാതൃക നിർമ്മിച്ച് സമർപ്പിച്ചിരുന്നു. തറവാട് വീടുകളുടെ മാതൃക നിർമ്മാണത്തിന് ഒട്ടേറെ സമീപിച്ചിട്ടുണ്ട്. ചേമഞ്ചേരിയിലെ പ്രസിദ്ധമായ ഒരു തറവാടിൻ്റെ പണിപ്പുരയിലാണിപ്പോൾ.
അച്ഛൻ ഭാസ്ക്കരൻ
കെ ഡി സി ബാങ്ക് അപ്രൈസർ ആയിരുന്നു.
അമ്മ പ്രേമ .
ഭാര്യ രേഷ്മ രാജ് ( ആന്തട്ട യുപി സ്കൂൾ അധ്യാപിക )
മകൾ വരദ.
കൊടശ്ശേരി "പ്രതിഭ " യിലാണ് താമസം.