തങ്കയം ശശികുമാറിന് നാടിന്റെ അന്ത്യാഞ്ജലി ;
വിടപറഞ്ഞത് അതുല്യ നാടക-ശബ്ദ പ്രതിഭ;
കോക്കല്ലൂർ:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി നാടക കലാകാരൻ തങ്കയം ശശികുമാറിന് നാടിന്റെ അന്ത്യാഞ്ജലി.
വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെ കോക്കല്ലൂർ ഐ എച്ച് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ കലാ-സാംസ്ക്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. പ്രിയ കലാകാരനെ ഒരു നോക്കു കാണാൻ നാടൊന്നാകെ കോക്കല്ലൂരിലേക്ക് ഒഴുകി.
വൻ ജനാവലിയാണ് ഇവിടെയെത്തി അന്തിമോപചാരമർപ്പിച്ചത്. എം കെ രാഘവൻ എം പി, അഡ്വ. കെ എം സച്ചിൻദേവ് എംഎൽഎ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ, ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി എം ശശി, യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ, ജില്ലാ സെക്രട്ടറി കെ വി സത്യൻ, ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് മജീദ് ശിവപുരം, സിനിമാ നാടക പ്രവർത്തകരായ വിജയൻ വി നായർ, വിജയൻ കാരന്തൂർ, വിൽസൺ സാമുവൽ, പ്രദീപ് കുമാർ കാവുന്തറ, മുഹമ്മദ് പേരാമ്പ്ര, സുധീർ അമ്പലപ്പാട്, വിനീഷ് ആരാധ്യ, എം കെ രവിവർമ്മ, ഹരീന്ദ്രനാഥ് ഇയ്യാട്, ഷിബു മുത്താട്ട്, ഗിരീഷ് ആമ്പ്ര, വാസു വാളിയിൽ, രാജീവൻ കോക്കല്ലൂർ, എഴുത്തുകാരനായ അഷ്റഫ് കാവിൽ, പൃഥ്വിരാജ് മൊടക്കല്ലൂർ തുടങ്ങിയവർ അന്തിമോപചാർപ്പിച്ചു. തുടർന്ന് തങ്കയത്തെ വീട്ടുവളപ്പിൽ സംസ്ക്കാരിച്ചു.
ശബ്ദ ഗാംഭീര്യം കൊണ്ടും അസാധ്യ അഭിനയ ശൈലി കൊണ്ടും അസ്വാദക മനം കവർന്ന കലാകാരനായിരുന്നു തങ്കയം ശശികുമാർ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഇദ്ദേഹം വേദികളിൽ അവതരിപ്പിച്ചു. മികച്ച ശബ്ദകലാകാരനായ തങ്കയം ശശികുമാർ പ്രഥമ ഖാൻകാവിൽ പുരസ്ക്കാര ജേതാവാണ്. ചെറുപ്രായത്തിൽ നാടകവേദിയിലെത്തിയ ഇദ്ദേഹം നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കലിഗുല, മേരി ഫെറർ, മ്മളെ പുള്ളി പൈ കരയുകയാണ്, ജൂലിയസ് സീസർ, ടിപ്പു സുൽത്താൻ, ഭഗത് സിങ്, വെള്ളപ്പൊക്കം, സിന്ദൂരച്ചെപ്പ് തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കുട്ടികളുടെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു. വർഷങ്ങളായി പ്രോഗ്രാം അനൗൺസിങ് രംഗത്ത് പ്രവർത്തിക്കുന്ന തങ്കയം ഈ നിയമസഭാ തെരഞ്ഞെടുപ്പിലും അനൗൺസ്മെന്റിൽ സജീവമായിരുന്നു. തിങ്കളാഴ്ച രാത്രി പറമ്പിൻ്റെ മുകളിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തങ്കയം ശശികുമാർ. ബുധാനാഴ്ച വൈകീട്ടാണ് മരിച്ചത്. മിക്ക
തിരഞ്ഞടുപ്പ് കാലങ്ങളിലും
എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും വേണ്ടി ശബ്ദം നൽകിയ തങ്കയം ശശികുമാർ
ഒരു തിരഞ്ഞെടുപ്പ് വേളയിൽ നിശബ്ദ പ്രചരണ ദിനത്തിൽ ശബ്ദ കോലാഹലങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത് വിധി വൈപിരിത്യം തന്നെ !