
അത്തോളിയിൽ താൽക്കാലിക ഷെഡിന് തീപിടിച്ചു
അത്തോളി: കൂമുള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന് താമസിച്ചിരുന്ന താൽക്കാലിക ഷെഡിന് തീപിടിച്ചു. പാലോട്ട് മീത്തൽ കമലാക്ഷിയുടെ വീട്ടുവളപ്പിലെ ഷെഡിനാണ് തീപിടിച്ചത്.
വിവരമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോഴേക്കും ഷെഡിന്റെ മുക്കാൽ ഭാഗത്തോളം കത്തിനശിച്ചിരുന്നു. ഷെഡിനുള്ളിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സേനാംഗങ്ങൾ ഉടൻ തന്നെ സിലിണ്ടർ പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ തീ പൂർണ്ണമായും അണച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിപിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
എഫ് ആർ ഒമാരായ രതീഷ് കെ. എൻ., സുകേഷ് കെ. ബി., നിധിപ്രസാദ് ഇ. എം., അനൂപ് പി. പി., രജീഷ് വി. പി., സജീഷ്, ഹോംഗാർഡുമാരായ അനിൽകുമാർ പി. എം., റിജേഷ് ആർ. ഐ., ഗിരീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.