
ഗിരീഷ് പുത്തഞ്ചേരിയുടെ നാട്ടിൽ നിന്നും തുഞ്ചൻ്റെ മണ്ണിലേക്കൊരു സൈക്കിൾ യാത്ര ;
സുവർണ്ണ ജൂബിലിയുടെ നിറവിൽ പുത്തഞ്ചേരി
"ചെന്താര കലാസമിതി"
ഉള്ളിയേരി :പുത്തഞ്ചേരി ചെന്താര കലാസമിതിയുടെ അമ്പതാം വാർഷിക ആഘോഷ പ്രചാരണത്തിൻ്റെ ഭാഗമായി അദ്ധ്യാപകനും സഞ്ചാരിയുമായ അഭിലാഷ് പുത്തഞ്ചേരി, ഗിരീഷിന്റെ പുത്തഞ്ചേരിയുടെ വീട്ടിൽ നിന്ന് ഭാഷാപിതാവിൻ്റെ ജന്മഭൂമിയായ തിരൂരിലേക്ക് സൈക്കിൾ യാത്ര ആരംഭിച്ചു. ഗിരീഷ് പുത്തഞ്ചേരിയുടെ ജന്മഗൃഹമായ പുളിക്കൂൽ തറവാട്ടിൽ നിന്ന് തുടങ്ങിയ യാത്ര ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായിൽ കുറുമ്പൊയിൽ ഫ്ളാഗ് ഓഫ് ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. അജിത അധ്യക്ഷയായി.
രാജൻ കേളോത്ത് ആമുഖഭാഷണം നടത്തി.
ശ്രീനു കെ എം, സുരേന്ദ്രൻ പുത്തഞ്ചേരി,
വിപിൻ വെങ്ങളം എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ വത്സൻ എടക്കാത്തിൽ സ്വാഗതവും മനോജ് പറമ്പിൽ നന്ദിയും പറഞ്ഞു. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിൽ ഫാസിസത്തെ കല കൊണ്ട് നേരിടുക എന്ന ഉദ്ദേശ്യത്തോടെയാണ് ചെന്താര കലാ സാംസ്ക്കാരിക സമിതി രൂപം കൊണ്ടത്.സിനിമാ പ്രവർത്തകർ സ്നേഹത്തോടെ പുത്തൻ എന്ന് വിളിക്കുന്ന മലയാളത്തിൻ്റെ അനുഗ്രഹീത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ആദ്യമായി കവിതകൾ എഴുതി തുടങ്ങിയത് ചെന്താരക്ക് വേണ്ടിയാണ്.
മലയാള നാടകവേദിയിലെ
നിറ സാന്നിധ്യമായിരുന്ന മാധവൻ കുന്നത്തറയും ഈ കലാസമിതിയിലൂടെയാണ് വളർന്നുവന്നത്. വോളിബോൾ ടൂർണമെന്റുകളിൽ എതിർ ടീമുകളെ തരിപ്പണമാക്കി ഉഗ്രൻ സ്മാഷുകളിലൂടെ ചെന്താരയുടെ കളിക്കാർ വിജയക്കൊടി ഉയർത്തി.
സാംസ്‌ക്കാരിക ഇടങ്ങളിൽ നാടിന്റെ ശബ്ദമായി
ചെന്താര മാറി.
നിരവധി കലാ-കായിക താരങ്ങൾ വളർന്നുവന്ന ഈ കലാസമിതിയുടെ അമ്പതാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളായാണ് നടത്തിയത്.
ഫിബ്രവരി പത്തിന് നടക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടി
അഡ്വ. കെ എം സച്ചിൻദേവ് എം എൽ എ ഉദ്ഘാടനം ചെയ്യും. കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. യുവ എഴുത്തുകാരി നിമ്ന വിജയ് മുഖ്യാതിഥിയാകും.
ഫോട്ടോ
ഫ്ലാഗ് ഓഫ് ചെയ്യുന്നു