
അത്തോളി സ്വദേശിയായ അച്ഛൻ മക്കൾക്കെതിരെ പരാതി നൽകി ; കഴമ്പില്ലെന്ന് ജില്ലാ കളക്ടർ ; ഇടപെടൽ മനുഷ്യവകാശ കമ്മീഷൻ്റെ നിർദ്ദേശത്തെ തുടർന്ന്
അത്തോളി : തന്നെ സംരക്ഷിക്കാത്ത സാഹചര്യത്തിൽ താൻ ധനനിശ്ചയാധാരം പ്രകാരം മക്കൾക്ക് നൽകിയ സ്വത്തുകൈമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ മക്കൾക്കെതിരെ സമർപ്പിച്ച പരാതിയിൽ കഴമ്പില്ലെന്ന് മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും നിയമ പ്രകാരം ആർ.ഡി.ഒ യും അപ്പലേറ്റ് ട്രൈബ്യൂണലായ ജില്ലാ കളക്ടറും കണ്ടെത്തി.
അത്തോളി സ്വദേശിയായ വയോധികൻ സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിർദ്ദേശ പ്രകാരം സമർപ്പിച്ച റിപ്പോർട്ടിലാണ് ജില്ലാ കളക്ടർ ഇക്കാര്യം അറിയിച്ചത്.
പരാതിക്കാരൻ മുമ്പും സമാനമായ പരാതികൾ നൽകിയിട്ടുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു. മക്കൾക്ക് നൽകിയ വസ്തുവിലെ ആദായമെടുക്കാൻ അച്ഛന് അനുമതി നൽകിയിട്ടുണ്ട്. മക്കൾക്ക് നിലവിൽ സാമ്പത്തിക പ്രശ്നങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമുണ്ട്. എന്നിട്ടും പിതാവിനെ സംരക്ഷിക്കാൻ എതിർപ്പില്ലെന്ന് മക്കൾ അറിയിച്ചിട്ടുണ്ട്. അച്ഛൻ സ്ഥിരമായി പരാതികൾ നൽകി മക്കളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സ്വത്തു കൈമാറ്റം റദ്ദാക്കൽഅനുവദിക്കാതെ തന്നെ പരാതിക്കാരന് തുടർ ചികിത്സയും പരിചരണവും നൽകാൻ മക്കൾക്ക് വടകര മെയിന്റനൻസ് ട്രൈബ്യൂണൽ നിർദ്ദേശം നൽകിയിട്ടുള്ളതായി കമ്മീഷൻ കണ്ടെത്തി. തനിക്ക് ഭൂമി തിരികെ വേണമെന്നും മക്കൾ മാസം 40,000 രൂപ നൽകണമെന്നുമുള്ള വാദവും ട്രൈബ്യൂണൽ അനുവദിച്ചില്ല.
പരാതിക്കാരൻ ഉന്നയിച്ച ആവശ്യങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.