
ആ ഫോട്ടോ എടുത്ത ആളാരാണ് ?കവി പി കെ ഗോപിയും
സുദർശൻ സിതാരയും തമ്മിലുള്ള സൗഹൃദ കഥ അറിയാം !
"വാട്സ് ആപ്പിൽ കാണാനിടയായ വാർത്ത സത്യമാകരുതെ എന്നായിരുന്നു പ്രാർത്ഥനയെന്ന് കവിയും ഗാന രചയിതാവുമായ പി കെ ഗോപി,കനക ദാസ് പേരാമ്പ്രയെ വിളിച്ചു .. വാർത്ത കേട്ടതോടെ ശരീരം ഒന്ന് തണുത്തു.
കഴിഞ്ഞ ദിവസം അന്തരിച്ച
ഫോട്ടോഗ്രാഫർ സുദർശൻ സിതാരയുടെ മരണ വാർത്തയെ കുറിച്ച് പറഞ്ഞ് തുടങ്ങിയാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിൻ്റെ കഥയെ കുറിച്ചും വാചാലനായത്.
1980 കളിലാണ് കോഴിക്കോട്ടെ സാംസ്കാരിക വേദികളിൽ സജീവമായി തുടങ്ങിയത് , 90 കളുടെ തുടക്കത്തിലാണ് എന്നാണ് ഓർമ്മ അത്തോളി സ്‌കൂളിൽ വാർഷിക പരിപാടിയോ സാഹിത്യ സമാജമോ നടക്കുന്നു. സുകുമാർ അഴീക്കോട് ആണ് ഉദ്ഘാടകൻ. ചടങ്ങിൽ പ്രസംഗിച്ച എൻ്റെയും അഴിക്കോട് മാഷിൻ്റെയും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ശ്രദ്ധയിൽപ്പെട്ടു. ഇതാരാ ഈ പടം എടുത്തത് . സംഘാടകർ ആളെ കാണിച്ചു തന്നു. പരിചയപ്പെട്ടു. ആ സൗഹൃദം പതുക്കെ പതുക്കെ ആഴമുള്ള ഹൃദയ ബന്ധമായി. അത്തോളി വഴി യാത്ര ചെയ്തപ്പോഴെല്ലാം സിതാര സ്റ്റുഡിയോയിൽ ചെറു ചിരിയോടെ സ്വീകരിക്കാൻ സുദർശൻ കാത്തിരിക്കും.ഏറ്റവും ഒടുവിൽ മകൻ്റെ കല്യാണ സൽക്കാരത്തിനാണ്
ഈ വീട്ട് മുറ്റത്ത് എത്തിയതും ഏറെ നേരം സംസാരിച്ചിരുന്നതും.നാട്ടിൽ നിന്നും ( അടൂർ ) സഹോദരി എത്തിയ സമയമായിരുന്നു, സ്നേഹ നിധിയായ ഫോട്ടോഗ്രാഫറെ പരിചയപ്പെടാം എന്ന് പറഞ്ഞ് അവരെയും
ഒപ്പം കൂട്ടിയാണ് സൽക്കാരത്തിന് എത്തിയത്. സഹോദരിയെ സുദർശൻ്റെ മരണ വിവരം അറിയിച്ചപ്പോൾ അങ്ങേ തലക്കലിൽ നിന്നും ഫോണിലൂടെ അവളും സങ്കടം പങ്കുവെച്ചു.
കൗതുക നിറഞ്ഞ ഫോട്ടോ ശേഖരം കണ്ടിട്ടുണ്ട്. ഇതിൽ ചെറു ജീവികളുടെ, പാമ്പ് ഇരപിടിക്കുന്ന , ഞണ്ടുകളുടെ വൈവിധ്യങ്ങൾ തുടങ്ങി സൂഷ്മ ജീവികളെ ക്യാമറ കണ്ണിൽ ഒപ്പിയെടുക്കുന്ന വ്യത്യസ്തത എന്നെ കൂടുതൽ ആകർഷിച്ചു. ഇതാകട്ടെ സുഷ്മനയിലെ സംഗീതം, ജല നിവേദ്യം എന്നീ രണ്ട് പുസ്തകങ്ങളുടെ കവർ പേജിൻ്റെ ഫോട്ടോ സുദർശനെ ഏൽപ്പിക്കുന്നതിലും എത്തി. ചിത്രം മനോഹരമായിട്ടുണ്ട് എന്ന് അന്നത്തെ അക്കാദമി സെക്രട്ടറി കത്തിൽ എഴുതി അയച്ചത് സുദർശനെ കാണിച്ചിരുന്നു.
പിന്നീട് ബാലുശ്ശേരി കോട്ടയിലെ ശിൽപ്പ പശ്ചാത്തലത്തിൽ എഴുത്തമ്മ എന്ന പുസ്തകത്തിനായി ഫോട്ടോ എടുത്തതും അതിൻ്റെ ഓല കൊണ്ടുള്ള എഴുത്തും സുദർശൻ തന്നെ നിർവ്വഹിച്ചു.യു കെ രാഘവൻ മാസ്റ്ററാണ് സുദർശൻ പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടെന്നും ഗായക സംഘത്തിൽ സ്ഥിരം പാട്ടുകാരനാണ് എന്ന് പറഞ്ഞത്. ആ സ്വര മാധുര്യം പലപ്പോഴായി ആസ്വദിച്ചിട്ടുമുണ്ട്.
പല പരിപാടികളിലും അതിഥിയാകാൻ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബ സംഗമത്തിലും പങ്കെടുത്തു.
ഒരിക്കൽ അത്തോളി സ്‌കൂളിൽ വെച്ച് ശിൽപ്പിയെ പരിചയപ്പെടുത്താൻ സുദർശൻ കാണിച്ച കരുതൽ അദ്ദേഹത്തോട് വല്യ ആദരവാണ് തോന്നിയത്.
ഫോട്ടോഗ്രാഫർ, ആർട്ടിസ്റ്റ് , ഗായകൻ എന്നതിലുപരി എല്ലാവരോടും മാന്യമായി പെരുമാറുകയും സ്‌നേഹിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു.
കലാകാരൻ ആയതിനാൽ കാലുഷ്യത്തിൽ നിന്നും അകന്നിരുന്നു.
ഒരു പക്ഷേ അതിൻ്റെയെല്ലാം തെളിവാകാം അദ്ദേഹത്തിൻ്റെ അന്ത്യ യാത്രയിലെ ഈ ആൾക്കൂട്ടം....