ജി 20 ഉച്ചകോടി തുടങ്ങാനിരിക്കെ തലസ്ഥാനത്തെ ചേരികള്‍ മറച്ച് അധികൃതര്‍; പ്രധാന വേദിയ്ക്ക് അരികിലെ വീടുകള്‍ പൊളിച്ച് മാറ്റി
ദില്ലി: ജി 20 ഉച്ചകോടി തുടങ്ങാനിരിക്കെ രാജ്യതലസ്ഥാനത്തെ ചേരികള്‍ മറച്ച് അധികൃതര്‍. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാൻ സാധ്യതയുള്ള മേഖലകളിലാണ് നെറ്റ് ഉപയോഗിച്ച് ചേരികളിലെ വീടുകള്‍ മറയ്ക്കുന്നത്.ജി 20യുടെ പ്രധാന വേദിയ്ക്ക് സമീപത്തെ ചേരി അധികൃതര്‍ നേരത്തെ പൊളിച്ച് മാറ്റിയിരുന്നു.
2020 ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശന വേളയില്‍ ഗുജറാത്തില്‍ മതില്‍ പണിതാണ് ചേരി മറച്ചത്. സംഭവം ഏറെ വിവാദമായിരുന്നു. ലോകത്തെ പ്രമുഖരായ നേതാക്കള്‍ പങ്കെടുക്കുന്ന ജി20ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്ബോള്‍ രാജ്യതലസ്ഥാനത്തെ ചേരി മറയ്കാനുള്ള നെട്ടോത്തിലാണ് സര്‍ക്കാര്‍. പ്രധാനവേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്നു ചേരി നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. അൻപതോളം വീടുകള്‍ പൊളിച്ചു നീക്കി. ജി 20 തുടങ്ങാൻ ദിവസങ്ങള്‍ ശേഷിക്കെ നഗരത്തിലെ പ്രധാന മേഖലയായ മുനീര്‍ക്കയിലെ ചേരിയാണ് ഈ വിധം മറച്ചത്. ഗ്രീൻ നെറ്റ് ഉപയോഗിച്ച് ചേരിയിലെ വീടുകള്‍ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിലാണ് മറച്ചിരിക്കുന്നത്. ചേരിയിലുള്ളവര്‍ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. ഗ്രീൻ നെറ്റിന് മുകളില്‍ ജി20യുടെ പരസ്യ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
വിമാനത്താവളത്തിന് സമീപത്തെ കോളനികളിലെ പുറത്ത് കാണുന്ന ഭാഗവും ഈ വിധം പരസ്യ ബോര്‍ഡുകള്‍ ഉപയോഗിച്ച് മറിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 9 , 10, തീയ്യതികളിലാണ് ദില്ലിയില്‍ ജി 20 യോഗം നടക്കുന്നത്. ഇതിനും രണ്ട് ദിവസം മുൻപ് തന്നെ നേതാക്കള്‍ എത്തി തുടങ്ങും. പത്താം തീയ്യതി ജി 20 യോഗം അവസാനിച്ച് നേതാക്കള്‍ എല്ലാം ഇന്ത്യ വിട്ട ശേഷം മാത്രമായിരിക്കും ചേരിയെ മറക്കുന്നതെല്ലാം അഴിച്ച് മാറ്റുന്നത്.