
ഓട്ടോ ഡ്രൈവറെ സഹായിക്കാൻ നാട് ഒന്നിക്കുന്നു;
ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു
അത്തോളി :ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് കൊളക്കാട് മേക്കലം പാട്ടിൽ മീത്തൽ താമസിക്കും കോണത്തും കണ്ടി മീത്തൽ കെ എം സന്ദീപൻ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ രണ്ട് ആഞ്ചിയോഗ്രാമും ആഞ്ചിയോപ്ലാസ്റ്റിയും നടത്തി. നിലവിൽ ബൈപ്പാസ് ഓപ്പറേഷന് വേണ്ടി ഫെബ്രവരി 16 ന് എല്ലാ ടെസ്റ്റുകളും നടത്തി ഹോസ്പിറ്റലിൽ എത്തണമെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്,ഭാര്യയും രണ്ട് വിദ്യാർത്ഥികളായ മക്കൾ അടങ്ങിയ കുടുബത്തിന്റെ ഏക വരുമാനം ഓട്ടോ തൊഴിലാളിയായ സന്ദീപന്റെ വരുമാനമായിരുന്നു. മാസങ്ങളായി അസുഖവുമായി ബന്ധപ്പെട്ട് കഴിയുന്നതിനാൽ നിത്യ ചിലവിന്പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്
ഈ കുടുബം . ആരോഗ്യഇൻഷൂറൻസ് പരിരക്ഷയുണ്ടെങ്കിലും പ്രാരംഭ ചികിത്സകൾക്ക് തന്നെ അതിൽ നിന്നും മൂന്നുലക്ഷത്തോളം രൂപ പിൻവലിച്ച് കഴിഞ്ഞിരിക്കുന്നു.
ഭാരിച്ച ചിലവ് വരുന്ന ചികിൽത്സ പൂർത്തിയാക്കുന്നതിനും അനുബന്ധ ചിലവുകൾ കണ്ടെത്തുന്നതിനുമായി നാട്ടുകാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വാർഡ് മെമ്പർ കൂടിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
എം ജയകൃഷ്ണൻ മാസ്റ്റർ ചെയർമാനും എട്ടാം വാർഡ് മെമ്പർ എ എം ബിനീഷ്,
എ എം ബദറുദ്ദീൻ, വാസു കരിനിറ്റിക്കൽ , ഇഎം ഹരിദാസൻ എന്നിവർ വൈസ് ചെയർമാൻമാരായും കൺവീനറായി വി എം സുരേഷ് ബാബു, ജോയിന്റ് കൺവീനർമാരായി ഇ എം വേലായുധൻ,
ഒ ടി രജീഷ്, ഗംഗാധരൻ സി കെ , ശശിധരൻ വിപി എന്നിവരേയും ട്രഷർറായി ലത്തീഫ് ചെറിയങ്ങോട്ട് എന്നിവരും അടങ്ങുന്ന 21 അംഗ സന്ദീപൻ ചികിത്സാ സഹായ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് രൂപം നൽകി.
പ്രദേശത്തെ പൗര പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ ഫജർ ഉസ്മാൻ ഹാജിയിൽ നിന്നും ആദ്യ ഫണ്ട് സ്വീകരിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ മാസ്റ്റർ കമ്മറ്റിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.