
സിസിടിവി ദൃശ്യങ്ങൾ തുണയായി ;
രണ്ടരപ്പവൻ്റെ താലിമാല പൊട്ടിച്ചോടിയ യുവാവ് പോലീസിൻ്റെ വലയിൽ കുടുങ്ങി
ബാലുശ്ശേരി : യുവതിയുടെ കഴുത്തിൽ നിന്നും രണ്ടരപ്പവൻ്റെ താലിമാല പൊട്ടിച്ചോടിയ യുവാവ് പോലീസിൻ്റെ പിടിയിലായി.
ഉണ്ണികുളം രാജഗിരി സ്വദേശിനിയായ അനുശ്രീ എന്ന യുവതിയുടെ മാല മോഷ്ടാവ് അതിവിദഗ്ദ്ധമായി പൊട്ടിച്ചെടുത്തത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ തലയാട് സ്വദേശിയായ സഹൽ എന്ന യുവാവിനെ ബാലുശ്ശേരി പോലീസ് വയനാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരമാണ് ഈ മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായത്.
സംഭവം നടക്കുമ്പോൾ തൊട്ടടുത്ത് ആളുകൾ ഉണ്ടായിരുന്നിട്ടും കള്ളനെ പിടിക്കാൻ ആരും ശ്രമിച്ചില്ല എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
അന്വേഷണ ഉദ്യോഗസ്ഥയായ അനുഷ്യ ഗോപിനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട്ടിലെ ഒരു റിസോർട്ടിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതിയായ സഹൽ. കൈയിൽ പണമില്ലാത്തതിനാലാണ് ഇത്തരത്തിലൊരു മോഷണം നടത്താൻ ഇയാൾ മുൻകൂട്ടി പദ്ധതിയിട്ടത് എന്നാണ് പോലീസിന് ലഭിച്ച വിവരം. കൂടാതെ, ഇയാളുടെ പേരിൽ മുൻപ് കഞ്ചാവുമായി ബന്ധപ്പെട്ട കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വളരെ വേഗത്തിലാണ് പോലീസ് പ്രതിയെ കണ്ടെത്തി നിയമത്തിന് മുൻപിൽ കൊണ്ടുവന്നത്.