
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ഉളേള്യരിയിൽ നിന്നുള്ള വിനോദയാത്രാ സംഘവും കുടുങ്ങി; 42 പേരും സുരക്ഷിതർ
ഉളേള്യരി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് ഉളേള്യരിയിൽ നിന്നുള്ള 42 അംഗ വിനോദയാത്രാ സംഘവും പൊക്രയിൽ കുടുങ്ങി. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ 21-നാണ് ഉളേള്യരിയിൽ നിന്ന് 42 അംഗ സംഘം നേപ്പാളിലേക്ക് യാത്ര തിരിച്ചത്. ബാലുശ്ശേരിയിലെ സ്വകാര്യ ടൂർ ഏജൻസിയുടെ നേതൃത്വത്തിലായിരുന്നു യാത്ര. കഴിഞ്ഞ മൂന്ന് ദിവസമായി സംഘം നേപ്പാളിലെ പ്രധാന നഗരമായ പൊക്രയിലായിരുന്നു താമസം.
വ്യാഴാഴ്ച പൊക്രയിൽ നിന്ന് കാഡ്മണ്ഡുവിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് മിന്നൽ പ്രളയം ഉണ്ടായത്. പ്രളയത്തെ തുടർന്ന് കാഡ്മണ്ഡുവിലേക്കുള്ള റോഡ് ഗതാഗതം നിലച്ചിരിക്കുകയാണ്. ബദൽ റോഡ് സൈന്യത്തിന്റെ രക്ഷാപ്രവർത്തനങ്ങൾക്കായി മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇതോടെയാണ് സംഘത്തിന്റെ തുടർയാത്ര തടസ്സപ്പെട്ടത്.
രണ്ട് ദിവസമായി സംഘം പൊക്രയിലെ ഹോട്ടലിൽ തന്നെ തുടരുകയാണ്. ടൂർ സംഘത്തിൽ പാചകക്കാർ ഉൾപ്പെടെയുള്ളവർ ഉള്ളതിനാൽ ഭക്ഷണത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും നിലവിൽ വലിയ പ്രയാസമില്ലെന്ന് സംഘാംഗമായ ഉളേള്യരി മാമ്പൊയിൽ സ്വദേശി രഞ്ജിത്ത് മാസ്റ്റർ അത്തോളി ന്യൂസിനോട് പറഞ്ഞു.
ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷമായി അവധിക്കാലത്ത് വിവിധ സ്ഥലങ്ങളിലേക്ക് ഒരുമിച്ച് വിനോദയാത്ര നടത്തുന്ന സംഘമാണിത്. സംഘത്തിന്റെ സുരക്ഷ സംബന്ധിച്ച് ബാലുശ്ശേരി എം.എൽ.എ. വി.ടി. സൂരജ് ഫോണിലൂടെ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
ഫോട്ടോ: നേപ്പാളിൽ കുടുങ്ങിയ ഉളേള്യരിയിൽ നിന്നുള്ള വിനോദയാത്രാ സംഘം.