
അമേരിക്കയിൽ ഗവേഷണത്തിന് അഞ്ചരക്കോടിയുടെ സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർത്ഥി
പൂനൂർ :അമേരിക്കയിലെ ന്യൂയോർക്ക് സർവകലാശാലയിൽ അഞ്ചരക്കോടിയുടെ സ്കോളർഷിപ്പ് മികവിൽ പി.എച്ച്.ഡി പ്രവേശനം നേടി മലയാളി വിദ്യാർത്ഥി അബ്ദുൽ ഫത്താഹ് നൂറാനി.മാക്റാകൻ ഫെല്ലോഷിപ്പ് , ഡീൻസ് ഡോക്ടറൽ ഫെല്ലോഷിപ്പ് , ഡീൻസ് ഹ്യൂമാനിറ്റീസ് സ്‌കോളേഴ്സ് പ്രോഗ്രാം എന്നിവ ഉൾപ്പെടുന്ന അത്യപൂർവ്വമായ പ്രമുഖ സ്കോളർഷിപ്പാണ് ലഭിച്ചത്. യൂണിവേഴ്സിറ്റിയിലെ മിഡിൽ ഈസ്‌റ്റേൺ & ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്മെൻ്റിൽ "സുസ്ഥിരതയും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച സംവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മലയാളി മുസ്ലിംകളുടെ മതസ്ഥലാനുഭവങ്ങളും മരണാനന്തര പരിസ്ഥിതികളും" എന്ന വിഷയത്തിലാണ് അദ്ദേഹം ഗവേഷണം നടത്തുക. ലോകത്തിലെ പ്രമുഖ സർവ്വകലാശാലകളായ യൂണിവേഴ്സിറ്റി ഓഫ് ടൊറൻ്റോ, വാൺഡർബിൽറ്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ, ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും ഈ വർഷം തന്നെ പി ച്ച് ഡി അഡ്മിഷൻ ലഭിച്ചതും അദ്ദേഹത്തിൻ്റെ ഗവേഷണ മികവിനെ സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ അമേരിക്കയിലെ തന്നെ വളരെ പ്രസിദ്ധമായ കൊളംബിയ യൂണിവേയ്സിറ്റിയിൽ ഫുള്ളി ഫണ്ടഡ് ഫെല്ലോഷിപ്പോടെ മാസ്റ്റേഴ്സ് ഇൻ ഇസ്ലാമിക് സ്റ്റഡീസ്& മുസ്ലിം കൾച്ചേർസ് പ്രോഗ്രാമിന് അവസരം ലഭിച്ച അദ്ധേഹത്തിന് പി ജി പൂർത്തിയാകാനിരിക്കെയാണ് പുതിയ നേട്ടം ലഭിച്ചത് .ജാമിഅ മദീനതുന്നൂറിൽ നിന്ന് ഏഴു വർഷത്തെ ബിരുദ പഠന ശേഷം
യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിൽ നിന്നും ഗോൾഡ് മെഡലോടെ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.പൊളിറ്റിക്കൽ സയൻസിൽ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് നേടിയ അദ്ധേഹം ബ്രിട്ടീഷ് സൊസൈറ്റി ഫോർ മിഡിൽ ഈസ്റ്റേൺ സ്റ്റഡീസ്, ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. കടക്കാട്ടുപാറ സ്വദേശികളായ അബ്ദുറഹ്മാൻ സഖാഫി – സൈനബ ദമ്പതികളുടെ മകനാണ്. അഭിമാന നേട്ടം കൈവരിച്ച അദ്ദേഹത്തെ ജാമിഅ മദീനതുന്നൂർ ചെയർമാൻ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും ഫൗണ്ടർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും പ്രത്യേകം അഭിനന്ദിച്ചു.