ജന്മ ദിനത്തി മിഠായിക്ക് പകരം ലൈബ്രറിയിലേക്ക് പുസ്തകവും പൂന്തോട്ടത്തിലേക്ക് ചെടിയും നൽകി ;
മാതൃകയായി ആറാം ക്ലാസുകാരി
അത്തോളി: വിദ്യാർത്ഥികളുടെ ജന്മദിനാഘോഷങ്ങൾ പലപ്പോഴും മിഠായി വിതരണത്തിലോ കേക്ക് മുറിക്കലിലോ ഒതുങ്ങുകയാണ് പതിവ്, എന്നാൽ അത്തോളി ഇലാഹിയ സ്കൂൾ ഗ്രേഡ് ആറിൽ പഠിക്കുന്ന ആയിഷ ഹയ, തൻ്റെ ജന്മദിനത്തിൽ പുസ്തകവും ചെടിയും നൽകിയാണ് ആയിഷ മാതൃകയായത്.
സ്കൂളിൽ അടുത്ത വർഷം മുതൽ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതിയുടെ ആദ്യ ചുവടുവയ്പ്പാണ് ആയിഷയുടെ ഈ പ്രവർത്തിയെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.ജന്മദിനം ആഘോഷിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകവും സ്കൂൾ പൂന്തോട്ടത്തിലേക്ക് ഒരു ചെടിയും നൽകി പരിസ്ഥിതിയോടും അറിവിനോടും ഉള്ള തങ്ങളുടെ കടപ്പാട് രേഖപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
അടുത്ത അധ്യയന വർഷം മുതൽ പദ്ധതി സ്കൂളിലെ മറ്റു ക്ലാസിലേക്കും വ്യാപിപ്പിക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.
പുസ്തകം നൽകുന്നത് വഴി വായനാ സംസ്കാരം പ്രോത്സാഹിപ്പിക്കാനും ചെടി നൽകുന്നത് വഴി വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്താനും സാധിക്കും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
സ്കൂൾ ഓഫീസിൽ നടന്ന ചടങ്ങിൽ ആയിഷ ഹയ തൻ്റെ ജന്മദിന സമ്മാനമായി കൊണ്ടുവന്ന പുസ്തകവും ചെടിയും സ്കൂൾ അഡ്മിനിസ്ട്രേഷൻ ഓഫീസർക്ക് കൈമാറി.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ലിജി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഇസ്മായിൽ എന്നിവരും ആയിഷയുടെ കൂട്ടുകാരും പങ്കെടുത്തു.
ആയിഷയുടെ പ്രവർത്തിയെ സ്കൂൾ അധികൃതരും അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു.