
മഴക്കാല രോഗ നിവാരണം: കണ്ണിപ്പൊയിലിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
അത്തോളി: കണ്ണിപ്പൊയിൽ ദർശന വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ അത്തോളി ഗ്രാമ പഞ്ചായത്ത് ഗവ.ഹോമിയോ ഡിസ്പൻസറിയുടെ സഹായത്തോടെ മഴക്കാല രോഗനിവാരണ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആണ്ടി ബസാറിൽ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം അഞ്ചാം വാർഡ് മെമ്പർ ഷീജ ഷിബു നിർവ്വഹിച്ചു.
പുറമേരി ഗവ. ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കെ.ഇ. റജുല പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസ് നടത്തി. മഴക്കാലത്ത് പടർന്നുപിടിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയെക്കുറിച്ചും അവർ വിശദീകരിച്ചു. 'യോഗയുടെ പ്രാധാന്യം' എന്ന വിഷയത്തിൽ യോഗ ഇൻസ്ട്രക്ടർ എം. ഭവ്യലക്ഷ്മി ക്ലാസ്സെടുത്തു.
കൊളക്കാട് ഗവ. ഹോമിയോ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ. പി. നീമ ക്യാമ്പ് ഡയരക്ടറായിരുന്നു.
ഷിനി ജിതേഷ് അധ്യക്ഷത വഹിച്ചു. സുനീഷ് നടുവിലയിൽ, വിനീത വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ഉഷാ ഗോപാലം സ്വാഗതവും ഷിജി അനീഷ് നന്ദിയും രേഖപ്പെടുത്തി. നൂറിലധികം പ്രദേശവാസികൾ ക്യാമ്പിൽ പങ്കെടുത്ത് സൗജന്യ വൈദ്യസഹായവും മരുന്നുകളും കൈപ്പറ്റി.