
അത്തോളി ജി എം യു പി സ്കൂൾ ഡിജിറ്റൽ സ്ക്വയറും സ്മാർട്ട് ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു
അത്തോളി: ഗവ.മാപ്പിള യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയറും സ്കൂൾ കലോത്സവം 'സമ്മോഹനം' 2026 സമാപന സമ്മേളനവും വി.ടി സൂരജ് എം.എൽ.എയും സ്മാർട്ട് ക്ലാസ് റൂം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിനിലേഷും ഉദ്ഘാടനം ചെയ്തു. പ്രസംഗ മത്സരത്തിലൂടെ തനിക്ക് ആദ്യമായി മൈക്കിനു മുന്നിൽ സംസാരിക്കാൻ അവസരം കിട്ടിയത് നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഇതുപോലൊരു സ്കൂൾ കലോത്സവ കാലത്താണെന്ന് എം.എൽ.എ പറഞ്ഞു. നമ്മുടെ കുട്ടികളെ ചേർത്തു പിടിച്ച് കയ്യടിപ്പിക്കാൻ അവർക്ക് ഏതു കഴിവാണോ ഉള്ളത് അതിനെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ചേർത്തു നിർത്തി കൈ പിടിച്ചുയർത്താനും നമുക്ക് സാധിക്കണം.
അവരുടെ ഇഷ്ട വഴികളിലൂടെ നടത്തി സ്വപ്നങ്ങൾ കീഴടക്കാൻ അവരുടെ ആഗ്രഹങ്ങൾക്കൊപ്പം നടക്കാൻ സാധിക്കുമ്പോഴാണ് അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം പകരാനും കരുത്തപകരാനും സാധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ സാങ്കേതിക വിദ്യ പുതിയ തലങ്ങൾ കണ്ടെത്തി പോകുന്ന കാലത്ത് സാധ്യതകളുടെ വലിയ അവസരങ്ങളാണ് നമ്മുടെ മുന്നിൽ തുറന്നു കിട്ടുന്നത്.അത്തരം സാധ്യതകളെയും അവസരങ്ങളെയും ഉപയോഗപെടുത്തി നമ്മുടെ കുട്ടികൾക്ക് വളരാനും ഉയരാനുമുള്ള ഊർജമായി നാം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ജയകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. ചടങ്ങിൽ സി.എം കിഡ്സ് എൽ.പി, യു.പി,സംസ്കൃതം സ്കോളർഷിപ്പ്,കലോത്സവ വിജയികൾ എന്നിവർക്കുള്ള ഉപഹാര സമർപണം നടത്തി.പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ ഇ.അനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി മാവീട്ടിൽ,പഞ്ചായത്ത് അംഗങ്ങളായ എ.എം സരിത, കെ.എ.കെ ഷമീർ, ബിനീഷ് കൊളക്കാട്, പി.ടി.എ പ്രസിഡന്റ് ഷൗക്കത്ത് അത്തോളി, എസ്.എം.സി ചെയർ പേഴ്സൺ എം.രാജി രശ്മി, എം.പി.ടി.എ പ്രസിഡന്റ് നജുമുന്നിസ, സീനിയർ അധ്യാപിക ഒ.പി സജിത സംസാരിച്ചു.പ്രധാന അധ്യാപിക ബി.സിന്ധു സ്വാഗതവും പ്രോഗ്രാം കൺവീനർ എസ്. ശ്രുതി നന്ദിയും പറഞ്ഞു.
ചിത്രം:അത്തോളി ജി എം യു പി സ്കൂൾ ഡിജിറ്റൽ സ്ക്വയറും 'സമ്മോഹനം' 2026 കലോത്സവ സമാപന സമ്മേളനവും വി.ടി സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു