ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ഫെബ്രു 10 നും 11 നും ; സൂര്യ കിരീടം അവാർഡ്     ബി കെ ഹരി നാരായണന്
ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ഫെബ്രു 10 നും 11 നും ; സൂര്യ കിരീടം അവാർഡ് ബി കെ ഹരി നാരായണന്
Atholi NewsInvalid Date5 min

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ഫെബ്രു 10 നും 11 നും ; സൂര്യ കിരീടം അവാർഡ് 

ബി കെ ഹരി നാരായണന്




അത്തോളി :പ്രശസ്ത ഗാനരചയിതാവും തിരക്കഥാ കൃത്തും നാടക പ്രവർത്തകനുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയെ അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിക്കുന്നു. സ്മൃതിലയം 2026 എന്ന പേരിൽ ഫെബ്രുവരി 10, 11 തിയ്യതികളിൽ കൂമുള്ളിയിലാണ് അനുസ്മരണ പരിപാടി നടക്കുക. ഗിരീഷ് പുത്തഞ്ചേരിയുടെ ചരമദിനമായ ഫെബ്രുവരി 10 ന് രാവിലെ 9 ന് കൂമുള്ളിയിലെ പഞ്ചായത്ത് ലൈബ്രറിക്ക് മുന്നിൽ ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടക്കും. തുടർന്ന് ലൈബ്രറി ഹാളിൽ ഗിരീഷ് പുത്തഞ്ചേരിയുടെ ഫോട്ടോ അനാഛാദനം ചെയ്യും. ചടങ്ങിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും പങ്കെടുക്കും.

ഫെബ്രുവരി 11 ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ജില്ലാതല കരോക്കെ ഗാനാലാപന മത്സരത്തിൻ്റെ ഫൈനൽ റൗണ്ട് നടക്കും. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പങ്കെടുത്ത 150 ലേറെ മത്സരാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്.

വൈകീട്ട് 5.30 ന് സാംസ്കാരിക സമ്മേളനം നടക്കും. കെ.എം. സച്ചിൻ ദേവ് എം. എൽ എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടിയും സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷ മുഖ്യാതിഥിയാവും. ചലച്ചിത്ര ഗാന നിരൂപകൻ സജിത് ഏവൂരേത്ത് ഗിരിഷ് പുത്തഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തും. ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ ഏർപ്പെടുത്തിയ സൂര്യ കിരീടം പുരസ്കാരം പ്രശസ്ത ഗാനരചയിതാവ് ബി.കെ. ഹരിനാരായണന് സമ്മാനിക്കും. 

തുടർന്ന് പൂക്കാട് കലാലയം ഒരുക്കുന്ന നൃത്താഞ്ജലി, ജി.എം.യു.പി. സ്കൂൾ വേളൂരിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന 'ഞ്ച' നാടകം പ്രാദേശിക കലാകാരൻമാർ ഒരുക്കുന്ന ഗാന സന്ധ്യ എന്നീ പരിപാടികൾ അരങ്ങേറും.

അനുസ്മരണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ കവിതാ രചനാ മത്സരത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വൈഗ സിദ്ധാർത്ഥ് എ.എം ( ജി വി എച്ച് എസ് എസ് അത്തോളി ) ഒന്നാം സ്ഥാനവും ഫാത്തിമ ഷെഹല കെ ( ഉമ്പിച്ചി ഹാജി ഹയർ സെക്കണ്ടറി സ്കൂൾ ചാലിയം)

രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

ഹൈസ്കൂൾ വിഭാഗത്തിൽ അമൃതവർഷിണി പി ( പേരാമ്പ്ര ഗവ. ഹയർ സെക്കണ്ടറി സ്കൂൾ)

 ഒന്നാം സ്ഥാനവും നേദിക എസ് ( എസ്.ജി. എം എച്ച് എസ് എസ് കൊളത്തൂർ ) രണ്ടാം സ്ഥാനവും നേടി.

 ചിത്രരചനയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നവിക പൊയിൽ മീത്തൽ ( സെൻ്റ് മേരീസ് പബ്ലിക് സ്കൂൾ കൂമുള്ളി) ഒന്നാം സ്ഥാനത്തിനും നിയ മനീഷ് ( ജി വി എച്ച് എസ് എസ് അത്തോളി ) രണ്ടാം സ്ഥാനത്തിനും അർഹരായി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഗോപിക ടി.കെ ( ജി വി എച്ച് എസ് എസ് അത്തോളി ) ഒന്നാം സ്ഥാനം നേടി.

കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും നാടക പ്രവർത്തകനുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ അത്തോളി ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ സൂര്യകിരീടം പുരസ്കാരം ചച്ചിത്ര ഗാന രചയിതാവ് ബി.കെ. ഹരിനാരായണന് സമ്മാനിക്കും. മലയാള ചലച്ചിത്ര ഗാന ശാഖയ്ക്ക് അദ്ദേഹം നൽകിവരുന്ന സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. 10001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 11 ന്  ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയിൽ സമ്മാനിക്കുമെന്ന് അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. ജയകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.  news image

5001 രൂപയായിരുന്ന അവാർഡ് തുക പുതിയ ഭരണ സമിതി 10,001 രൂപയായി വർദ്ധിപ്പിച്ചു.ചലച്ചിത്രഗാന രചയിതാവും കവിയുമാണ് ബി.കെ ഹരിനാരായണൻ. 2018 ൽ ജോസഫ് എന്ന ചിത്രത്തിലെ കണ്ണെത്താ ദൂരം, തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായ് എന്നീ ഗാനങ്ങൾക്കും 2021 ൽ കാടകലം എന്ന ചിത്രത്തിലെ കണ്ണീരു കടഞ്ഞു എന്ന ഗാനത്തിനും  മികച്ച ഗാനരചനയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭട്ടി കുഴിയാംകുന്നത്ത് രാമൻ നമ്പൂതിരിയുടെയും ഭവാനിയുടെയും മകനായി പെരുമ്പിലാവിനടുത്ത് കരിക്കാട് ആണ് ജനനം. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ഭാരതീയവിദ്യാഭവനിൽ നിന്ന് പത്രപ്രവർത്തനത്തിൽ പി.ജി.ഡിപ്ലോമയും നേടി. കുറച്ചുകാലം കെ.എസ്.ആർ.ടി.സി യിൽ കണ്ടക്ടറായി ജോലി നോക്കി. പഠിക്കുന്ന കാലം മുതൽ കവിതകൾ എഴുതുമായിരുന്ന ഹരിനാരായണൻ നൂറ്റടപ്പൻ ( ആദ്യ കവിതാ സമാഹാരം), പന്തും പാട്ടും പറച്ചിലും ,അനുരാഗനദിയേ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009 ൽ പൊന്നുറുമ്മാൽ എന്നപേരിലുള്ള മാപ്പിളപ്പാട്ട് ആൽബത്തിനു ഗാനങ്ങൾ എഴുതി. 2010 ൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ദി ത്രില്ലർ എന്ന സിനിമക്കാണ് ആദ്യമായി ഗാന രചന നിർവ്വഹിച്ചത്. 1983 എന്ന സിനിമയിലെ ഓലഞ്ഞാലിക്കുരുവീ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടി. എസ്രയിലെ ലൈലാകമേ, ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ..,തീവണ്ടിയിലെ ജീവാംശമായ് താനേ..., ഉയിരിൻ നാഥനേ, കണ്ണെത്താ ദൂരം... (ജോസഫ്), കാറ്റ് മൂളിയോ പ്രണയം (ഓം ശാന്തി ഓശാന), നീ ഹിമമഴയായ്... (എടക്കാട് ബറ്റാലിയൻ ), ഹേമന്തമെൻ ... (കോഹിനൂർ), മോഹമുന്തിരി... (മധുരരാജ), മുരുകാ മുരുകാ പുലിമുരുകാ (പുലിമുരുകൻ), ഒടുവിലെ യാത്രയ്ക്കായിന്ന്... (ജോർജേട്ടൻസ് പൂരം), വാതിക്കല് വെള്ളരിപ്രാവ്... (സൂഫിയും സുജാതയും) തുടങ്ങി 350 ലധികം സിനിമകളിലായി 700 ന് മുകളിൽ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അന്തിവിണ്ണിൽ അമ്പിളിക്കല എന്ന പ്രശസ്ത ഗാനവും ഹരിനാരായണൻ രചിച്ചിട്ടുള്ളതാണ്. 2018-ൽ ചാരുലത എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു. 2021-ൽ ഇള എന്ന മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്തിട്ടുണ്ട്.

ഫിലിംഫെയർ അവാർഡ്,

ഏഷ്യാനെറ്റ് ഫിലിം അവാർഡ്, സൈമ 

അവാർഡ്, വനിത ഫിലിം അവാർഡ്, 2025 ലെ മുല്ലനേഴി പുരസ്കാരം എന്നിവയാണ് ബി.കെ. ഹരിനാരായണന് ലഭിച്ച മറ്റ് അംഗീകാരങ്ങൾ.

Recent News