
അത്തോളിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം ; യുഡിഎഫ് ധർണ നടത്തി
അത്തോളി: കുടിവെള്ള ക്ഷാമം നേരിടുന്ന അത്തോളി പഞ്ചായത്തിൽ ആവശ്യത്തിന് കുടിവെളളം വിതരണം ചെയ്യുക, ഒരു കുടുംബത്തിന് ആഴ്ചയിൽ 500 ലിറ്റർ കുടിവെള്ളം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അത്തോളിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാത്ത എൽ ഡി എഫ് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ..പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ സായാഹ്ന ധർണ നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് ഉദ്ഘാടനം ചെയ്തു. കുടിവെള്ളമെന്നത് സാധാരണ മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രശ്നമാണെന്നും അത് പരിഹരിക്കേണ്ടത് ഭരണകൂടത്തിന്റെ സാമാന്യമായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് എന്തു സംഭവിച്ചാലും ഞങ്ങൾക്കിതൊന്നും ഒരു പ്രശ്നമല്ലെന്നും ജനങ്ങളുടെ പ്രയാസവും ബുദ്ധിമുട്ടുകളും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഈ ഭരണ സമിതിയുടെ നിരുത്തരവാദിത്വപരമായ പ്രവണതകൾക്കെതിരെയും ഈ നാട്ടിലെ സാധാരണക്കാർക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാകും വരെയും ശക്തമായ പ്രതിഷേധ സമര പരിപാടിയുമായി യു ഡി എഫ് പ്രവർത്തകർ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ കൊളക്കാട് അധ്യക്ഷനായി. ഡി സി സി ജനറൽ സെക്രട്ടറി ജൈസൽ അത്തോളി,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അബ്ദുറഹിമാൻ, ഡി.കെ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈനിൽ വിജി സംസാരിച്ചു. പഞ്ചായത്ത് യുഡിഎഫ് കൺവീനർ ടി.പി അബ്ദുൽ ഹമീദ് സ്വാഗതവും ഗിരീഷ് പാലാക്കര നന്ദിയും പറഞ്ഞു.
ചിത്രം:അത്തോളി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടന്ന യു ഡി എഫ് സായാഹ്ന ധർണ വി.ടി സൂരജ് ഉദ്ഘാടനം ചെയ്യുന്നു